അനാവശ്യ ഇടപെടലുകൾ നടത്തി മലയാള സിനിമയെ കൊല്ലുന്നു; സെൻസർ ബോർഡിനെതിരെ നിർമാതാക്കളുടെ സംഘടന

സൃഷ്ടിയുടെ സ്വാതന്ത്ര്യവും നിർമാതാക്കളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം

അനാവശ്യ ഇടപെടലുകൾ നടത്തി മലയാള സിനിമയെ കൊല്ലുന്നു; സെൻസർ ബോർഡിനെതിരെ നിർമാതാക്കളുടെ സംഘടന
dot image

സെൻസർ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മലയാള സിനിമയുടെ സെൻസറിങ്ങിന് തടസ്സം നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. സിനിമയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് അനാവശ്യ ഇടപെടലുകൾ നടത്തുകയും, സിനിമയുടെ ഉള്ളടക്കത്തെ തകർക്കുന്ന തരത്തിലുള്ള കട്ടുകൾ നിർദേശിക്കുകയും ചെയ്യുന്ന നടപടി ആവർത്തിക്കുന്നതായി നിവേദനത്തിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി രാകേഷ് ചൂണ്ടിക്കാട്ടി.

സൃഷ്ടിയുടെ സ്വാതന്ത്ര്യവും നിർമാതാക്കളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം. ഷെയിൻ നിഗം ചിത്രമായ ഹാലിന് സെൻസർ ബോർഡിന്റെ കത്രിക വീണത് വലിയ വാർത്തയായിരുന്നു. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.

അതേസമയം ചിത്രം നേരിട്ടുകാണാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. കോടതി നേരിട്ട് സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. നേരത്തെ സുരേഷ് ഗോപി ചിത്രമായ ജെ എസ് കെയ്ക്കും സെൻസർ ബോർഡിന്റെ നടപടി നേരിടേണ്ടി വന്നിരുന്നു. സിനിമയിൽ നിന്ന് നായികയുടെ പേരായ ജാനകി ഒഴിവാക്കണം എന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം.

Content Highlights: producers assosiation against censor board

dot image
To advertise here,contact us
dot image