വിജയ്‌യും അജിത്തും ഇല്ലാതെ എന്ത് ദീപാവലി, തിയേറ്ററുകൾ കയ്യടക്കി തമിഴിലെ യുവതാരങ്ങൾ; ആരാണ് വിന്നർ?

പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്, ധ്രുവ് വിക്രം-മാരി സെൽവരാജ് ചിത്രം ബൈസൺ, ഹരീഷ് കല്യാണിന്റെ ഡീസൽ എന്നിവയാണ് ദീപാവലി റിലീസുകൾ

വിജയ്‌യും അജിത്തും ഇല്ലാതെ എന്ത് ദീപാവലി, തിയേറ്ററുകൾ കയ്യടക്കി തമിഴിലെ യുവതാരങ്ങൾ; ആരാണ് വിന്നർ?
dot image

സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വമ്പൻ സിനിമകൾ തമിഴിൽ പുറത്തിറങ്ങുന്ന സമയമാണ് ദീപാവലി. വിജയ്, അജിത്, രജനികാന്ത് തുടങ്ങിയ താരങ്ങളുടെ സിനിമകൾ ദീപാവലി റിലീസായി എത്തി വമ്പൻ വിജയം കൊയ്തിട്ടുണ്ട്. എന്നാൽ പതിവിന് വിപരീതമായി ഒരുപടി യുവതാരങ്ങളുടെ സിനിമകളാണ് ഇത്തവണത്തെ ദീപാവലി ആഘോഷത്തിന് തമിഴിൽ നിന്നെത്തിയത്. പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ്, ധ്രുവ് വിക്രം-മാരി സെൽവരാജ് ചിത്രം ബൈസൺ, ഹരീഷ് കല്യാണിന്റെ ഡീസൽ എന്നിവയാണ് ദീപാവലി റിലീസുകൾ.

ആദ്യ ഷോകൾ കഴിയുമ്പോൾ മൂന്ന് സിനിമകൾക്കും ഭേദപ്പെട്ട പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്യൂഡിന് മികച്ച അഭിപ്രായത്തോടൊപ്പം വമ്പൻ ഓപ്പണിംഗും നേടാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രം ഇതിനോടകം പ്രദീപിന്റെ മുൻ സിനിമയായ ഡ്രാഗണിന്റെ ആദ്യ ദിന കളക്ഷനെ മറികടന്നു എന്നാണ് റിപ്പോർട്ട്. കമിതാക്കളുടെ കൂടെയോ കൂട്ടുകാരുടെ ഒപ്പം പോയി കാണാൻ കഴിയുന്ന ഒരു കിടിലൻ എന്റർടൈനർ വൈബ് പടം തന്നെയാണ് ഡ്യൂഡ് എന്നാണ് തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ആക്ഷൻ സീനുകളിലും പ്രദീപ് വക മാസ്സ് പരിപാടികൾ ഉണ്ടെന്നും ചിത്രം അവസാനിക്കുമ്പോൾ ഒരു നല്ല സോഷ്യൽ മെസ്സേജ് നൽകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. സായിയുടെ മ്യൂസിക് ഓരോ സീനിനെയും മികച്ചതാക്കിയെന്നും ആദ്യ സിനിമ തന്നെ അദ്ദേഹം കലക്കിയെന്നും കമന്റുകൾ ഉണ്ട്. ഈ ദീപാവലി 'ഡ്യൂഡ്' തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം കഥയെച്ചൊല്ലി ചില വിമർശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്.

മാരി സെൽവരാജ് ചിത്രം ബൈസൺ ഗംഭീര പ്രതികരണങ്ങൾ ആണ് നേടുന്നത്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം മാരി സെൽവരാജ് രീതികൾ സിനിമ പിന്തുടരുന്നുണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.

ഹരീഷ് കല്യാൺ ചിത്രം ഡീസലിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നടൻ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെക്കുന്നതെങ്കിലും സിനിമയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഷൺമുഖം മുത്തുസാമി ഒരുക്കിയ സിനിമയിൽ വിനയ് റായ്, അതുല്യ രവി, സായ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: Diwali release tamil movie reports

dot image
To advertise here,contact us
dot image