
എഎഫ്സി അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് 2026ന് യോഗ്യത നേടി ഇന്ത്യ. ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീം യോഗ്യത നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്.
കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്കിൽ നടന്ന ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവ് കണ്ട ആവേശ മത്സരമാണ് അരങ്ങേറിയത്. മത്സരത്തിന്റെ 38-ാം മിനിറ്റിൽ ഷാഖ്‌സോദ അലിഖോനോവയുടെ വോളിയിലൂടെ ഉസ്‌ബെക്കിസ്ഥാനാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. 55-ാം മിനിറ്റിൽ പകരക്കാരിയായി വന്ന തണ്ടാമണി ബാസ്‌കി ഇന്ത്യയ്ക്ക് വേണ്ടി സമനില ഗോൾ നേടി.
മത്സരത്തിന്റെ 66-ാം മിനിറ്റിൽ അനുഷ്‌ക കുമാരി ഇന്ത്യയുടെ വിജയഗോളും കണ്ടെത്തി. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് ജിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. പിന്നാലെ ആദ്യമായി ഏഷ്യൻ കപ്പ് യോഗ്യത ഉറപ്പിച്ച് ചരിത്രം കുറിക്കുകയും ചെയ്തു.
Content Highlights: History! India qualify for the AFC U17 Women's Asian Cup for the first time