പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പ്: 56 കോളേജുകളില്‍ 46ലും വിജയം; ഉജ്ജ്വല വിജയമെന്ന് എസ്എഫ്‌ഐ

എസ്എഫ്‌ഐയുടെ വിജയം വിദ്യാര്‍ത്ഥി ഐക്യത്തിന്റെയും പ്രബുദ്ധ രാഷ്ട്രീയ ബോധത്തിന്റെയും പ്രതിഫലനമാണെന്ന് എസ്എഫ്‌ഐ നേതൃത്വം പറഞ്ഞു

പോളിടെക്‌നിക് യൂണിയന്‍  തെരഞ്ഞെടുപ്പ്: 56 കോളേജുകളില്‍ 46ലും വിജയം; ഉജ്ജ്വല വിജയമെന്ന് എസ്എഫ്‌ഐ
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുറ്റ മുന്നേറ്റം നടത്തി എസ്എഫ്‌ഐ. ആകെ 56 പോളിടെക്‌നിക് കോളേജുകളില്‍ 46 ലും തങ്ങള്‍ വിജയിച്ചെന്ന് എസ്എഫ്‌ഐ അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് പോളിടെക്‌നിക് കോളേജുകള്‍ എസ്എഫ്‌ഐയ്ക്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചു. 'നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ത്ഥിത്വം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്ത് പോളി തെരഞ്ഞെടുപ്പുകളെ എസ്എഫ്‌ഐ നേരിട്ടതെന്നും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ ചിന്തകളെ സംരക്ഷിച്ചും വര്‍ഗീയതയ്ക്കും ക്യാംപസിലെ അക്രമ രാഷ്ട്രീയത്തെ ചെറുത്തും എസ്എഫ്‌ഐ നടത്തിയ പ്രബുദ്ധമായ പ്രചാരണമാണ് വിജയത്തിലേക്ക് നയിച്ചതെന്നും എസ്എഫ്‌ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കാസര്‍കോട് ജില്ലയിലെ മൂന്ന് പോളിടെക്‌നിക് കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. തൃക്കരിപ്പൂര്‍ പോളി, എസ്എന്‍ പോളി, കാഞ്ഞങ്ങാട് പോളി എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ വിജയിച്ചത്. കണ്ണൂരിലെ അഞ്ച് പോളിടെക്‌നിക് കോളേജുകളില്‍ നാലെണ്ണത്തിലും എസ്എഫ്ഐയ്ക്ക് വിജയിക്കാനായി. കണ്ണൂര്‍ പോളി, പയ്യന്നൂര്‍ വനിതാ പോളി, നടുവില്‍ പോളി, കല്യാശേരി പോളി എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ വിജയിച്ചത്. കോഴിക്കോട്ടെ രണ്ട് പോളിടെക്‌നിക് കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. വെസ്റ്റ് ഹില്‍ ഗവണ്‍മെന്റ് പോളി യുഡിഎസ്എഫില്‍ നിന്നാണ് എസ്എഫ്ഐ തിരിച്ചുപിടിച്ചത്. ഗവ. വിമണ്‍സ് പോളിടെക്‌നിക്കിലും വിജയിച്ചു. മലപ്പുറത്തെ പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളേജ് യുഡിഎസ്എഫില്‍ നിന്ന് തിരിച്ചുപിടിച്ചു. വയനാട് ഗവ. പോളിടെക്‌നിക് മീനങ്ങാടി, ഗവ. പോളിടെക്‌നിക് മാനന്തവാടി എന്നീ കോളേജുകളിലും എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി.

തൃശൂര്‍ ജില്ലയിലെ ആറില്‍ ആറ് പോളിടെക്‌നിക് കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. മഹാരാജാസ് പോളി തൃശൂര്‍ യുഡിഎസ്എഫില്‍ നിന്ന് തിരിച്ചുപിടിച്ചു. ഗവ. പോളി കുന്നംകുളം, ഗവ. പോളി ചേലക്കര, ഗവ. പോളി കൊരട്ടി, ത്യാഗരാജന്‍ പോളി അലഗാനഗര്‍, ശ്രീരാമ പോളി തൃപ്രയാര്‍ എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്. പാലക്കാടും നാലില്‍ നാല് പോളിടെക്‌നിക് കോളേജുകളില്‍ എസ്എഫ്‌ഐ കരുത്തുകാട്ടി. ഗവ. പോളി പാലക്കാട്, കുഴല്‍മന്ദം പോളി, അട്ടപ്പാടി പോളി, ഷൊര്‍ണൂര്‍ പോളി എന്നിവിടങ്ങിലാണ് വിജയിച്ചത്. ഷൊര്‍ണൂര്‍ പോളിടെക്‌നിക് കോളേജ് യുഡിഎസ്എഫില്‍ നിന്നാണ് തിരിച്ചുപിടിച്ചത്. ഇടുക്കിയിലും നാലില്‍ നാല് പോളിടെക്‌നിക് കോളേജുകളില്‍ എസ്എഫ്ഐ വിജയിച്ചു. മുട്ടം പോളി, പുറപ്പുഴ പോളി, നെടുംകണ്ടം പോളി, വണ്ടിപ്പെരിയാര്‍ പോളി എന്നിവിടങ്ങളിലാണ് സംഘടന വിജയം കൊയ്തത്. കോട്ടയത്ത് നാട്ടകം, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിലെ പോളിടെക്‌നിക് കോളേജുകളില്‍ എസ്എഫ്ഐ വിജയിച്ചു.

പത്തനംതിട്ടയിലെ അടൂര്‍ ഗവ. പോളിടെക്‌നിക്, പന്തളം എന്‍എസ്എസ് പോളിടെക്‌നിക്, ആറന്മുള പോളിടെക്‌നിക്, വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്. ആലപ്പുഴയിലെ രണ്ട് പോളിടെക്‌നിക് കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. കായംകുളം വനിതാ പോളി, ചേര്‍ത്തല ഗവ. പോളി എന്നിവിടങ്ങളിലാണ് സംഘടന വിജയിച്ചത്. കൊല്ലത്തും മുഴുവന്‍ പോളിടെക്‌നിക് കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. ഗവ. പോളിടെക്‌നിക് കോളേജ് പുനലൂര്‍, ഗവ. പോളിടെക്‌നിക് എഴുകോണ്‍, എസ്എന്‍ പോളിടെക്‌നിക് കൊട്ടിയം, പത്തനാപുരം പോളിടെക്‌നിക് കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

തിരുവനന്തപുരത്തെ അഞ്ചില്‍ നാല് പോളികളിലും എസ്എഫ് ഐയ്ക്ക് വിജയിക്കാനായി. ഗവ. പോളി ആറ്റിങ്ങല്‍, ഗവ. പോളി നെയ്യാറ്റിന്‍കര, കൈമനം വനിതാ പോളി, സെന്‍ട്രല്‍ പോളി വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ വിജയിച്ചത്. സംസ്ഥാനത്ത് എസ്എഫ്‌ഐയുടെ വിജയം വിദ്യാര്‍ത്ഥി ഐക്യത്തിന്റെയും പ്രബുദ്ധ രാഷ്ട്രീയ ബോധത്തിന്റെയും പ്രതിഫലനമാണെന്നും വിദ്യാര്‍ത്ഥി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എസ്എഫ് ഐ മുന്നോട്ടുവെച്ച സമഗ്രമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിദ്യാര്‍ത്ഥി സമൂഹം നല്‍കിയ ശക്തമായ അംഗീകാരമാണിതെന്നും എസ്എഫ്ഐ പറഞ്ഞു.

Content Highlights: Union elections in polytechnic colleges: SFI claims resounding victory in 46 out of 56

dot image
To advertise here,contact us
dot image