അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിൽ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ: എം വി ഗോവിന്ദൻ

ശബരിമല സ്വര്‍ണക്കൊളളയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടെന്നും ഇടതുപക്ഷം വിശ്വാസി സമൂഹത്തിനൊപ്പമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിൽ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ: എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയില്‍ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമെല്ലാം അതിന്റെ ഭാഗമായി വരുന്നുണ്ടെന്നും അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കാനും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടെന്നും ഇടതുപക്ഷം വിശ്വാസി സമൂഹത്തിനൊപ്പമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

'ശബരിമലയില്‍ ഉണ്ടായ പ്രശ്‌നം മാധ്യമങ്ങള്‍ ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാരും കോടതിയും കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ട് അയ്യപ്പന്റെ ഒരു സ്വത്തും നഷ്ടപ്പെട്ടുപോയിക്കൂട എന്ന ഉറച്ച നിലപാടോടു കൂടി മുന്നോട്ടുപോയതിന്റെ ഭാഗമായാണ് ഫലപ്രദമായി എസ്‌ഐടി ധ്രുതഗതിയില്‍ അന്വേഷണം നടത്തിയതും രണ്ട് കേസിലെയും ഒന്നാംപ്രതിയെ ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. കുറ്റവാളികള്‍ ആരൊക്കെയാണോ അവരെയെല്ലാം നിയമത്തിനുമുന്നില്‍ കൊണ്ടുവരും. അതിനായുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ വിശ്വാസി സമൂഹത്തിനൊപ്പമാണ്. അത് ആര്‍എസ്എസിനും വര്‍ഗീയ ധ്രുവീകരണം നടത്തുന്നവര്‍ക്കും ഇഷ്ടപ്പെടില്ല': എം വി ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് കേരളത്തില്‍ ആസൂത്രിത ആക്രമണം നടത്താന്‍ ശ്രമിക്കുകയാണെന്നും പേരാമ്പ്രയില്‍ നടന്നത് അതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പൊലീസുമായി നേരിട്ട് ഏറ്റുമുട്ടുന്ന രീതിയില്‍ യുഡിഎഫ് മാറിയെന്നും ഇത് പൊതുജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'യുഡിഎഫ് പൊലീസിനെ ആക്രമിക്കാനാണ് ശ്രമിച്ചത്. ഇത് പൊതുജനങ്ങള്‍ മനസിലാക്കി. ബോംബ് ഉള്‍പ്പെടെയുളള സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോയി. എല്ലാത്തിനും ഒരു എംപി തന്നെ നേതൃത്വം കൊടുത്തു. ജനശ്രദ്ധ തിരിക്കാന്‍ കലാപങ്ങളും വര്‍ഗീയ ധ്രുവീകരണവും നടത്തുകയാണ് യുഡിഎഫ്. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ യുഡിഎഫും എസ്ഡിപിഐയും നടത്തുന്ന നീക്കം ജനം തിരിച്ചറിയും': എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: MV Govindan about gold theft in sabarimala

dot image
To advertise here,contact us
dot image