
യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരും തൊഴിലുടമകളും തമ്മിൽ സുതാര്യമായ ബന്ധം നിലനിർത്തുന്നതിന് പ്രത്യക മാർഗനിർദ്ദേശങ്ങളുമായി മാനഭവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ഉടമകൾക്ക് ആവശ്യമായ പ്രവർത്തനം ഉറപ്പുവരുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
യുഎഇയിലെ തൊഴിൽ നിയമമനുസരിച്ച്, പരമാവധി പ്രവൃത്തി സമയം ഒരു ദിവസം എട്ട് മണിക്കൂറും ഒരാഴ്ചയിൽ 48 മണിക്കൂറും ആയി നിജപ്പെടുത്തിയിരിക്കുന്നു. നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട്, ചില പ്രത്യേക മേഖലകളിൽ മാത്രം ഇതിന് പരിമിതമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഓവർടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടാൻ പാടില്ല. സമാനമായി ഒരാഴ്ചയിൽ ജോലി സമയം 144 മണിക്കൂർ കവിയരുത്. ഓവർടൈമിന് ജീവനക്കാർക്ക് ലഭിക്കുന്ന അധിക പ്രതിഫലത്തെക്കുറിച്ചുള്ള മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി. പകൽ സമയത്തെ ജോലിക്ക് തൊഴിലാളിയുടെ ശമ്പളത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുക നൽകണം.
രാത്രിയിലാണ് അധിക സമയം ജോലി ചെയ്യുന്നതെങ്കിൽ പ്രതിഫലം കൂടുതൽ ലഭിക്കും. രാത്രി 10 മണിക്കും പുലർച്ചെ നാല് മണിക്കും ഇടയിലുള്ള സമയത്തെ ഓവർടൈമിന് ശമ്പളത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുക നൽകണം.
തൊഴിലാളികൾ അവരുടെ പ്രതിവാര അവധി ദിനത്തിൽ ജോലി ചെയ്യേണ്ടി വന്നാൽ, പകരം ഒരു മറ്റൊരു അവധി ദിവസം നൽകണം. അല്ലെങ്കിൽ ആ ദിവസത്തെ ശമ്പളത്തിന്റെ 50 ശതമാനം വർദ്ധനവ് നൽകണം. വേതന സംരക്ഷണ സംവിധാനം (WPS) വഴിയാണ് എല്ലാ ശമ്പളങ്ങളും നൽകേണ്ടത്. ശമ്പളം നൽകേണ്ട നിശ്ചിത തീയതി കഴിഞ്ഞ് 15 ദിവസത്തിനകം എല്ലാ വേതനങ്ങളും നൽകിയിരിക്കണം.
വേതന സംരക്ഷണ സംവിധാനവുമായി (WPS) ബന്ധപ്പെട്ട എല്ലാ ഫീസുകളുടെയും പൂർണ്ണ ഉത്തരവാദിത്തം തൊഴിലുടമകൾക്ക് മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വേതനം കൈമാറ്റം ചെയ്യുന്നതിനോ രജിസ്ട്രേഷനോ ആയി ബന്ധപ്പെട്ട് നേരിട്ടോ അല്ലാതെയോ ഉണ്ടാകുന്ന യാതൊരു ചിലവുകളും തൊഴിലാളികൾ വഹിക്കേണ്ടതില്ല.
Content Highlights: UAE clarifies key rules on working hours, wages, leave for private sector