
തിരുവനന്തപുരം: നിമിഷപ്രിയ വിഷയത്തില്‍ പോസിറ്റീവായ റിസള്‍ട്ട് ഉണ്ടാകുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അത്തരത്തിലുള്ള വാര്‍ത്തകളാണ് കേള്‍ക്കുന്നതെന്നും അതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിദേശത്ത് ചില തെറ്റിദ്ധാരണകള്‍ പടരുന്നുണ്ടെന്നും എത്ര പൈസ കൊടുത്തും തിരികെ കൊണ്ടുവരുമെന്ന തരത്തിലുള്ള സന്ദേശം നല്‍കാതിരിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പറഞ്ഞതില്‍ കൂടുതല്‍ പണം നല്‍കാനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
കെപിസിസി മേഖലാ ജാഥയിൽ പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചില്ല. താന്‍ ഇതുവരെ പറയാത്തതൊന്നും ഇന്നലെ പുതുതായി പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നാണ് പറഞ്ഞത്. പാര്‍ട്ടിയാണ് വലുത്. അബിനും അത് മനസിലാക്കണം. അതാണ് താന്‍ പറഞ്ഞത്. പാര്‍ട്ടിയോടൊപ്പം നില്‍ക്കണമെന്നാണ് താൻ പറഞ്ഞത്. പറഞ്ഞതിന് മറ്റൊരു അര്‍ത്ഥതലം വന്നു. അത് യാഥാര്‍ത്ഥ്യമാണ്. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'എനിക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു പദവിയും വേണ്ട. പദവിക്കപ്പുറത്ത് പാര്‍ട്ടിയാണ് വലുത്. ഞാന്‍ എന്ത് പറഞ്ഞാലും അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് പറഞ്ഞ് നടക്കുന്ന ചിലര്‍. ഞാന്‍ എന്റെ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരിലും തെറ്റിദ്ധാരണയുണ്ടായി. ഒരു വിഷമമുണ്ടായി. ഞങ്ങളുടെ കുടുംബത്തെ പോലും ഇത് ബാധിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലും ആക്രമിക്കുകയാണ്. ഞാന്‍ പറഞ്ഞതിനെ ചിലര്‍ വളച്ചൊടിക്കുകയാണ്.' ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കുക എന്നതാണ് ലക്ഷ്യമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; Chandy Oommen: Positive outcome expected on Nimishapriya issue