'ക്ലാസിൽ നിന്ന് അധ്യാപിക സൈബർ സെല്ലിലേക്ക് വിളിച്ചു, ജയിലിൽ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി':അർജുന്റെ സഹപാഠി

അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു

'ക്ലാസിൽ നിന്ന് അധ്യാപിക സൈബർ സെല്ലിലേക്ക് വിളിച്ചു, ജയിലിൽ പോകേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി':അർജുന്റെ സഹപാഠി
dot image

പാലക്കാട്: കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വെളിപ്പെടുത്തല്‍. ക്ലാസ് ടീച്ചറായ ആശയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അര്‍ജുന്റെ സഹപാഠി രംഗത്തെത്തി. ആശ ടീച്ചര്‍ ക്ലാസ് മുറിയില്‍വെച്ച് സൈബര്‍ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നല്‍കേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അര്‍ജുന്‍ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവന്‍ തല്ലിയതുകൊണ്ടാണ് അര്‍ജുന്‍ മരിച്ചതെന്ന് പറയണമെന്നും ആശ ടീച്ചര്‍ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പറഞ്ഞതായി മറ്റൊരു വിദ്യാർത്ഥിയും വെളിപ്പെടുത്തി.

അർജുന്റെ മരണത്തിൽ അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയത്. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കും. 'അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി. മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. ക്രൂരമായാണ് അര്‍ജുനെ കൊന്നത്. അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്', വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു.


വെള്ളിയാഴ്ച വൈകിട്ടാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.

Content Highlights: 'Teacher called cyber cell from classroom, threatened to sent him to jail': Arjun's classmate alleges

dot image
To advertise here,contact us
dot image