ഇന്‍സ്റ്റഗ്രാമിനെ ചൊല്ലി ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍; വീട്ടില്‍ പ്രശ്‌നമുള്ളതായി പ്രധാനാധ്യാപിക; പ്രതിഷേധം

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കും

ഇന്‍സ്റ്റഗ്രാമിനെ ചൊല്ലി ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍; വീട്ടില്‍ പ്രശ്‌നമുള്ളതായി പ്രധാനാധ്യാപിക; പ്രതിഷേധം
dot image

പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് മകന്‍ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളുടെ ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളും രംഗത്തെത്തിയത്. ആരോപണ വിധേയയായ അധ്യാപിക രാജിവെക്കണമെന്നും ശേഷം മാത്രമെ ക്ലാസില്‍ കയറുകയുള്ളൂവെന്നുമാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കും.

'അര്‍ജുന് നീതി കിട്ടണം. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ നടപടി. മറ്റുള്ളവര്‍ക്ക് സന്ദേശം അയച്ചെന്ന് കരുതി പരിശോധിക്കുകപോലും ചെയ്യാതെ ഡീആക്ടിവേറ്റ് ചെയ്തു. ക്രൂരമായാണ് അര്‍ജുനെ കൊന്നത്. അര്‍ജുന്‍ മരിച്ചതല്ല, കൊന്നതാണ്', വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കുട്ടിയുടെ ബന്ധു തല്ലിയതുകൊണ്ടാണ് ജീവനൊടുക്കിയതെന്ന് പൊലീസിനോട് പറയണമെന്ന് അധ്യാപിക വിദ്യാര്‍ത്ഥിയെ വിളിച്ചുപറഞ്ഞതായും പ്രതിഷേധക്കാരിലൊരാള്‍ ആരോപിച്ചു.

അതേസമയം ആരോപണം പ്രധാനാധ്യാപിക തള്ളി. കുട്ടി ജീവനൊടുക്കാനുള്ള സംഭവങ്ങളൊന്നും സ്‌കൂളില്‍ ഉണ്ടായിട്ടില്ലെന്നും കുട്ടിയുടെ ടി സി വാങ്ങി സ്‌കൂള്‍ മാറ്റണമെന്ന് രക്ഷിതാവ് പറഞ്ഞത് കുട്ടിയെ മാനസിക ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്നും പ്രധ്യാനാധ്യാപിക പറഞ്ഞു.

'അധ്യാപികയുടെ ചുമതലമാത്രമാണ് നമ്മള്‍ ചെയ്തത്. കതക് അടച്ച് കുട്ടി ഭീഷണിപ്പെടുത്താറുണ്ടെന്ന് മരണശേഷം വീട്ടിലെത്തിയ ഞങ്ങളോട് കുട്ടിയുടെ മാതാവ് പറഞ്ഞിരുന്നു. കുട്ടിയെ വിഷമത്തിലാണ് കാണാറ്. 10 വയസ്സ് വ്യത്യാസത്തില്‍ കുഞ്ഞ് ജനിച്ചതോടെ സ്‌നേഹം കുറഞ്ഞെന്ന പരിഭവും അര്‍ജുനുണ്ടായിരുന്നതായി വീട്ടുകാര്‍ സംശയിച്ചിരുന്നു. പാരന്റിംഗില്‍ പ്രശ്‌നമുള്ളതായി തോന്നുന്നുവെന്നും അര്‍ജുനും അമ്മയും കൗണ്‍സിംഗിന് ബുക്ക് ചെയ്തതായി പറഞ്ഞിരുന്നു', അധ്യാപിക പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ടാണ് അര്‍ജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അര്‍ജുന്‍ ഉള്‍പ്പെടെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തില്‍ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അര്‍ജുന്റെ കുടുംബവും ആരോപിച്ചിരുന്നു.

Content Highlights: students protest in Palakkad Kannadikal school over Student Arjun Death

dot image
To advertise here,contact us
dot image