
പാലക്കാട്: കണ്ണാടി സ്കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ലെന്നും അധ്യാപകരിൽ ചിലർ നാസി പടയാളികളെ പോലെ പെരുമാറുന്നതായും കെഎസ്‌യു. കലാലയങ്ങളെ കോൺസൻട്രേഷൻ ക്യാമ്പുകളാക്കി മാറ്റരുതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വിദ്യാർത്ഥികളെ ചേർത്തു പിടിക്കുന്ന മികച്ച പല അധ്യാപകർക്കും അപമാനമാണ് ഈ കൂട്ടർ. പ്രഷർ കുക്കറിന് സമാനമായി നമ്മുടെ വിദ്യാർത്ഥികൾ മെന്റൽ പ്രഷറും ട്രോമയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്നതിനെ അഡ്രസ് ചെയ്യാൻ ഇന്നാട്ടിലെ ഭരണകൂടവും പൊതുസമൂഹവും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പഴയ കാലം പോലെ തങ്ങളുടെ ആത്മസംഘർഷങ്ങളെ പങ്കു വയ്ക്കാനോ പരിഹരിക്കാനോ സാധിക്കാതെ വീർപ്പ് മുട്ടി ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ പട്ടികയിൽ ഒടുവിൽ അർജുനും ഇടം നേടിയിരിക്കുകയാണ്. നമുക്ക് വേണ്ടത് അനുശോചന കുറിപ്പോ ജസ്റ്റിസ് ഫോർ എന്ന ക്യാംപെയ്നുകളോ അല്ല. മറിച്ച് ഒരു തലമുറയെ തന്നെ രക്ഷ പെടുത്തെന്നുള്ള ക്രിയാത്മകമായ നടപടികളാണ്. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ അതിലേക്ക് ആണ് ഈ നാടിനെ കൊടുപ്പിക്കേണ്ടതെന്നും അലോഷ്യസ് സേവ്യർ കുറിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് അർജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്ന സംഭവം നടന്നത്. അർജുൻ ഉൾപ്പെടെയുള്ള നാല് വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക ആശ സമാന വിഷയത്തിൽ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസ് അധ്യാപിക മുറിയിൽവെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞതായും അർജുന്റെ സഹപാഠി പറഞ്ഞിരുന്നു. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നു. സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞിരുന്നു.
ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അർജുന്റെ കുടുംബവും ആരോപിച്ചിരുന്നു. അതേസമയം കുട്ടി മരിക്കാനായി ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നായിരുന്നു അധ്യാപകർ പറഞ്ഞിരുന്നത്. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ സ്കൂളിൽ പ്രതിഷേധിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപിക നിലപാട് ആവർത്തിച്ചതോടെ വീണ്ടും പ്രതിഷേധമുണ്ടായി.
തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മാനേജ്മെൻ്റും അടിയന്തര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുവാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ നാലുദിവസത്തേക്ക് അടച്ചിട്ടു.
Content Highlights: ksu says some of the teachers behave like Nazi soldiers