
വടകര: തന്റെ മകന്‍ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകന്‍ ഒന്നിലും ഇടപെടാതെ സമ്പന്നനായി ജീവിക്കുന്നു എന്ന വാദം നൂറുകണക്കിന് ചെറുപ്പക്കാരെ തള്ളിപ്പറയുന്നതിന് തുല്യമാണെന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. താനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാള്‍ മകനും സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടതെന്നും കല്‍പറ്റ നാരായണന്‍ വിമര്‍ശിച്ചു.
'ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആലോചിക്കുക. ഒരു സോഷ്യലിസ്റ്റുകാരന്‍ മകന്‍ ആരാകണമെന്നാണ് ആഗ്രഹിക്കുക. അയാള്‍ കമ്മ്യൂണിസ്റ്റുകാരന്‍ ആകണമെന്നല്ലേ ആഗ്രഹിക്കുക. ഇതൊരു പ്രിവിലേജ്ഡ് ക്ലാസ് ആണെന്ന് മനസ്സിലാക്കി, അതില്‍ അഭിമാനിച്ച് എന്തുനഷ്ടം വന്നാലും ഞാനൊരു സഖാവാണല്ലോയെന്ന് അഭിമാനിക്കുന്ന ഒരാളുടെ മകന്‍ ഒരു സഖാവ് ആകണമെന്നല്ലേ വിചാരിക്കേണ്ടത്. ഇതല്ല വഴി, സമ്പന്നനായി ആഡംബരത്തോടെ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഭൂമിയില്‍ എന്തുസംഭവിച്ചാലും തനിക്ക് കുഴപ്പമില്ലെന്ന വിധത്തില്‍ ജീവിക്കുന്ന ഒരു വലിയ തലമുറ വളര്‍ന്നുവരുമ്പോഴാണ്, അതില്‍ ഒരുവനാണെന്ന് അഭിമാനപൂര്‍വ്വം തന്റെ മകനെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ജീവിതം പണയംവെച്ച് എസ്എഫ്‌ഐക്കാരോ ഡിവൈഎഫ്‌ഐക്കാരനോ അനുഭവിക്കുന്നതിനെ അവഗണിക്കുന്നതല്ലേ', കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മക്കളില്‍ അഭിമാനമാണെന്നുമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്റെ കുടുംബം പൂര്‍ണ്ണമായും അതിനോടൊപ്പം നിന്നതില്‍ അഭിമാനം. മക്കള്‍ രണ്ടുപേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്ര പേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരിക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ എന്നത് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം ഉണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലുള്ളതാണ്. ഒരു ദുഷ്പേരും എനിക്ക് ഉണ്ടാക്കുന്ന രീതിയില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല.
മകള്‍ക്ക് നേരെ പലരും വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അതുവേണ്ടത്ര ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലിചെയ്യുന്നയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അത് വിവാദമാവുമോ? എന്നെയോ ആളെയോ ബാധിക്കുമോ? ആ ചെറുപ്പക്കാരന്‍ മര്യാദയുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലി, വീട് ഇത് മാത്രമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ആളില്ല. തെറ്റായ പ്രവര്‍ത്തനത്തിന് പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല അഭിമാനം എനിക്കുണ്ട്. എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനോ ശീലത്തിനോ നിരക്കാത്ത പ്രവര്‍ത്തനം നടത്തിയിട്ടില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Content Highlights: kalpatta narayanan against CM Pinarayi Vijayan