'സുധാകരൻ തന്‍റെ സഹോദരൻ, മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിയെ പ്രതിസന്ധിലാക്കും വിധം പുറത്തു പറയരുത്'; എ കെ ബാലൻ

'അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോൾ മനസിനുള്ളിൽ അമർഷം രൂപം കൊള്ളും. എന്നാൽ അത് പാർട്ടിയുടെ പ്രതിച്ഛായക്ക് എതിരായി പുറത്തുവരാൻ പാടില്ല'

'സുധാകരൻ തന്‍റെ സഹോദരൻ, മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിയെ പ്രതിസന്ധിലാക്കും വിധം പുറത്തു പറയരുത്'; എ കെ ബാലൻ
dot image

കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണവുമായി സിപിഐഎം നേതാവ് എ കെ ബാലൻ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയും ഒരു വരിയോ അക്ഷരമോ ജി സുധാകരനെതിരെ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് എ കെ ബാലൻ പ്രതികരിച്ചു. താൻ പറഞ്ഞത് അദ്ദേഹത്തിന്റെഅസാധാരണമായ കഴിവുകളെ സംബന്ധിച്ചാണെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

താൻ നടത്തിയ വിമർശനത്തിന് അദ്ദേഹം ഉരുളയ്ക്ക് ഉപ്പേരി നൽകുന്നതു പോലെയാണ് മറുപടി നൽകിയത്. അതിനെ കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. മന്ത്രിമാരായിരുന്ന സമയത്ത് ഞങ്ങൾ രണ്ടുപേരും അടുത്ത യോജിപ്പിലായിരുന്നു. തന്റെ വകുപ്പിന് ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. നല്ല ബന്ധമാണ് ഇപ്പോഴുമുള്ളത്. ഇടയ്ക്ക് വിളിക്കും. തന്റെ പ്രിയസഹോദരനെ പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്ന ആളാണ് താനെന്നും എ കെ ബാലൻ പറഞ്ഞു.

അടുത്തകാലത്ത് അദ്ദേഹത്തിന് ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്. അത് ശരിയോ തെറ്റോ എന്ന് തനിക്കറിയില്ല. അത് വേണ്ടപ്പെട്ടവർ പരിശോധിക്കണം. അത്തരം തോന്നലുണ്ടാകുമ്പോൾ മനസിനുള്ളിൽ അമർഷം രൂപം കൊള്ളും. എന്നാൽ അത് പാർട്ടിയുടെ പ്രതിച്ഛായക്ക് എതിരായി പുറത്തുവരാൻ പാടില്ല. അക്കാര്യത്തിൽ നിഷ്‌കർഷതയും വാശിയുമുള്ള ആളായിരുന്നു ജി സുധാകരൻ. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും താൻ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ അടുത്ത കാലത്ത് സംഘടനാപരമായ ചിലകാര്യങ്ങളിൽ പരിശോധിക്കേണ്ടത് പരിശോധിക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളോ മാനസിക വിഷമങ്ങളോ ഉണ്ടെങ്കിൽ അത് പാർട്ടിയുടെ അന്തസിന് നിരക്കാത്ത രീതിയിൽ പുറത്തുവരരുത് എന്നതാണ് സൂചിപ്പിച്ചത്. അത് അദ്ദേഹത്തിന് മാത്രമല്ല തനിക്കും ബാധകമാണെന്ന് എ കെ ബാലൻ പറഞ്ഞു.

എസ്എഫ്‌ഐ സമ്മേളനങ്ങളുടെ കാലത്ത് എരിവും പുളിയുമുള്ള വാക്കുകൾ ഞങ്ങൾ പറയാറുണ്ട്. അത്തരത്തിലുള്ള പഴയ ഒരു ചർച്ചയുടെ സമ്മേളന നടത്തിപ്പിന്റെ ഒരു രംഗം പുതിയ തലമുറ അറിയട്ടെ എന്നുള്ളതുകൊണ്ടാണ് അത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. താൻ പഴയരൂപത്തിൽ വിമർശനത്തിന് ശക്തമായ ഭാഷ ഉപയോഗിക്കുന്ന ആളാണ്. അത് സുധാകരനെ വേദനിപ്പിച്ചിട്ടുണ്ട്. അത് അത്ര വേണ്ടിയിരുന്നില്ലെന്ന് തോന്നിയിരുന്നുവെന്നും ബാലൻ പറഞ്ഞു.

1972ലെ എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ ജി സുധാകരനെതിരെ ചില പരാമർശങ്ങൾ നടത്തിയതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ പാനലിൽ നിന്ന് ഒഴിവാക്കി. പിന്നീട് വി എസ്, പിണറായി മന്ത്രിസഭകളിൽ താനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരൻ പഴയ ജി സുധാകരൻ തന്നെയാണെന്നും മാറ്റമില്ലെന്നും ബാലൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

എ കെ ബാലന്‍റെ ഫേസ്ബുക്ക് കുറിപ്പ്....

കെ എസ് എഫ് ഇ ഓഫീസേഴ്‌സ് യൂണിയൻ പതിനെട്ടാം സംസ്ഥാന സമ്മേളനം ഒക്ടോബർ 11,12 തീയതികളിൽ കോട്ടയത്ത് ചേരുകയുണ്ടായി.

രണ്ട് വർഷത്തിലൊരിക്കലാണ് സമ്മേളനം. കഴിഞ്ഞ വർഷം കോഴിക്കോടായിരുന്നു. ഈ സമ്മേളനവും എന്നെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ എന്റെ പഴയ സുഹൃത്ത് കോട്ടയത്തെ ഷാജുലാൽ കാണാൻ വന്നു. കുറച്ചു സമയം ഡയസ്സിലിരുന്ന് പഴയ ഓർമ്മകൾ പങ്കിട്ടു.

52 വർഷം മുമ്പ്, 1972ൽ കോട്ടയത്ത് വച്ചായിരുന്നു എസ് എഫ് ഐയുടെ രണ്ടാം സംസ്ഥാന സമ്മേളനം. ആ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ടി കെ രാമകൃഷ്ണനും സെക്രട്ടറി ഷാജുലാലുമായിരുന്നു. ഷാജുലാൽ അന്ന് നന്നേ ചെറുപ്പം, പ്രീ ഡിഗ്രി കഴിഞ്ഞ ഘട്ടം, നല്ല പ്രസരിപ്പുള്ള ചെറുപ്പക്കാരൻ. ആരും ശ്രദ്ധിക്കും. കാലം കുറെ കഴിഞ്ഞെങ്കിലും ഇന്നും കർമരംഗത്ത് സജീവമാണ്. ഇപ്പോൾ ഒരു ചെറുകിട വ്യവസായിയാണ്. കുറച്ച് കള്ളുഷാപ്പും ഒരു ഹൗസ് ബോട്ടുമുണ്ട്. 17 ഏക്കർ നെൽ കൃഷിയുമുണ്ട്. ഭേദപ്പെട്ട വരുമാനം. പക്ഷെ പഴയതൊന്നും മറന്നിട്ടില്ല; പ്രത്യേകിച്ച് പഴയ സഖാക്കളെ.

എന്നോട് ചോദിച്ചു, "പാലക്കാട് വന്നതിനു ശേഷം കൃഷിക്കാരനായിട്ടില്ലേ?".

"ഇല്ല, പാലക്കാട്ടെ കർഷകരുടെ മനസ്സ് തൊട്ടറിഞ്ഞ ശേഷം വലിയൊരു സ്വപ്നമായിരുന്നു നല്ലൊരു കൃഷിക്കാരനാവുകയെന്നത്. നാദാപുരത്ത് അച്ഛൻ അദ്ധ്വാനിച്ച് വാങ്ങിയ 20 സെന്റ് സ്ഥലവും ചെറിയ വീടും കുടുംബസ്വത്താണ്. മറ്റൊന്നുമില്ല. ഭാര്യയുടെ അച്ഛൻ മരിച്ച ശേഷം ചെങ്ങന്നൂരിലെ 90 സെന്റ്‌ സ്ഥലം, രണ്ട് പേർക്ക് അവകാശപ്പെട്ടത്, വിറ്റു. പലർക്കും വായ്പയായി കൊടുത്തു. ചിലർ തിരിച്ചുതന്നു, ചിലർ തന്നില്ല. ചിലർ മരണപ്പെട്ടു. ഭാര്യക്ക് പാലക്കാട്ട് 15 സെന്റ് സ്ഥലവും വീടുമുണ്ട്. ഇനി കൃഷിക്കാരനാകാൻ ആഗ്രഹിച്ചിട്ട് കാര്യമില്ല. ഭാര്യയുടെ അമ്മയുടെ പേരിൽ ആലത്തൂരിൽ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഇന്ത്യ-ചൈന യുദ്ധസമയത്ത് 1962 ൽ, 63 വർഷം മുമ്പ് ഭാര്യാപിതാവ് സഖാവ് പി കെ കുഞ്ഞച്ചൻ കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു വർഷം തടവുകാരനായിരുന്ന ഘട്ടത്തിൽ സഹ തടവുകാരനായ ആലത്തൂർ ആർ കൃഷ്ണൻ മുഖേന വാങ്ങിയ സ്ഥലമാണ്. ഇപ്പോൾ ഫോറസ്റ്റ് കൊണ്ടുപോയി. കേസാണ്. അതിലൊരു വരുമാനവുമില്ല, ഞാനൊന്നും ശ്രദ്ധിച്ചുമില്ല.". മറുപടി പൂർത്തിയാക്കും മുമ്പ് ഷാജുലാൽ പറഞ്ഞു, "ഈ ചരിത്രം എനിക്ക് നന്നായറിയാം. ശ്രദ്ധിക്കാത്തതുകൊണ്ടല്ലേ ഉള്ള സ്ഥലവും പോയത്?".

ഞങ്ങൾ പഴയകാല വിദ്യാർത്ഥിജീവിതത്തിലേക്ക് കടന്നു. തുടക്കം മുതൽ ഇതുവരെയുള്ള സംഭവങ്ങളും വൈകാരികമായി പറഞ്ഞുപോയി. കോട്ടയം സമ്മേളനത്തെക്കുറിച്ച്. എസ് എഫ് ഐയുടെ വളർച്ചയുടെ ഘട്ടം. സംഘർഷഭരിതമായ വിദ്യാർത്ഥിജീവിതം. മരണത്തെ മുഖാമുഖം കണ്ട നാളുകൾ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയാകുന്നത്. അന്ന് എസ് എഫ് ഐ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ഞാൻ. കോളേജിൽ നിന്ന് പി ജയരാജനും പ്രതിനിധിയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ പ്രസീഡിയത്തിലുണ്ട്. സംസ്ഥാന നേതൃത്വത്തിൽ ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള ഘട്ടമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് സി ഭാസ്കരനും ജി സുധാകരനും തിളങ്ങി നിൽക്കുന്ന ഘട്ടമായിരുന്നു അത്. സമ്മേളനത്തിൽ ചൂടേറിയ ചർച്ച. ഇതിൽ എന്റെ പ്രസംഗവും ചില പരാമർശങ്ങളും വിവാദമായി. ജി സുധാകരനെതിരായ ചില പരാമർശങ്ങൾ എൻറെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ പുതിയ പാനലിൽ നിന്ന് എന്നെ ഒഴിവാക്കി. സമ്മേളനം കഴിഞ്ഞ് പിരിയുന്നതിനു മുമ്പ് ജി സുധാകരനെ കണ്ടു ഞാൻ പറഞ്ഞു, "അടുത്ത സമ്മേളനത്തിൽ എന്നെ ഒഴിവാക്കാൻ നിങ്ങൾക്ക് പറ്റാത്ത സ്ഥാനം വഹിച്ചുകൊണ്ട് ഞാൻ വരും". ഈ സമ്മേളനം പ്രസിഡണ്ടായി സഖാവ് കോടിയേരിയേയും സെക്രട്ടറിയായി സഖാവ് ജി സുധാകരനെയും തിരഞ്ഞെടുത്തു. 1973ല്‍ ഞാൻ ബ്രണ്ണൻ കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന് എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ്ഥാനം വഹിക്കുമ്പോഴാണ് 1973 ൽ എസ്എഫ്ഐ നാലാം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. അപ്പോൾ കേവലം നാലോ അഞ്ചോ കോളേജുകളിൽ മാത്രമാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ ജയിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് ഞാൻ തെരഞ്ഞെടുക്കപ്പെട്ടു. ജി സുധാകരൻ സംസ്ഥാന പ്രസിഡണ്ടും കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഈ തീരുമാനത്തോട് സംസ്ഥാന സമ്മേളന പ്രതിനിധികളിൽ ചിലർക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിഷേധ മുദ്രാവാക്യമുയർന്നു. അവസാനം ഇഎംഎസ് തന്നെ രംഗത്തു വന്നു; പ്രതിനിധികളെ അഭിസംബോധന ചെയ്തു. അന്തരീക്ഷം സാധാരണ നിലയിലായി.

ഇ എം എസ് പറഞ്ഞു, "പ്രതിനിധികളാണ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്; പ്രതിനിധികളല്ല. അത് അംഗീകരിക്കണം". ചുരുക്കത്തിൽ ഇഎംഎസിന് വളരെ അസ്വസ്ഥത ഉണ്ടാക്കിയ സമ്മേളനമായിരുന്നു എസ്എഫ്ഐയുടെ മൂന്നാം സംസ്ഥാന സമ്മേളനം.

കോട്ടയം സംസ്ഥാന സമ്മേളനത്തിൽ സുധാകരനെതിരായി ഞാൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. അത് അദ്ദേഹത്തെ പ്രകോപിപ്പിച്ചതാണ്. പിന്നീട് ഞാൻ ആലോചിച്ചിരുന്നു, ആ പരാമർശം വേണ്ടായിരുന്നു എന്ന്. സമ്മേളനങ്ങളിൽ നേതാക്കളെ കണക്കിന് വിമർശിക്കുക, അതിന് എരിവും പുളിയുമുള്ള വാക്കുകൾ ഉപയോഗിക്കുക എന്നത് എൻറെ ഒരു ശൈലിയായിരുന്നു. അതിനൊരു ഉദാഹരണമാണ് കോട്ടയം സമ്മേളനത്തിലെ പ്രസംഗം. സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി എന്ന നിലയിൽ ജി സുധാകരൻ അവതരിപ്പിച്ച റിപ്പോർട്ടിൽ മിക്കവാറും എല്ലാ പേജിലും ജി സുധാകരൻ എന്നുണ്ടായിരുന്നു. അതിനെയാണ് ഞാൻ വിമർശിച്ചത്. "ലോകപ്രശസ്ത സാഹിത്യകാരൻ വില്യം ഷേക്സ്പിയറുടെ മാസ്റ്റർ പീസ് കൃതിയാണ് മാക്ബത്. അതിൽ എല്ലാ പേജിലും ബ്ലഡ് അല്ലെങ്കിൽ ബ്ലഡി എന്ന വാക്കുണ്ടാവും. ചുരുക്കത്തിൽ ബ്ലഡിന്റെ കഥ പറയുന്ന ഇതിഹാസ കൃതിയാണ് മാക്ബത്. ആ ബ്ലഡിന്റെയും ബ്ലഡിയുടെയും സ്ഥാനത്താണ് ഈ റിപ്പോർട്ടിലെ സുധാകരൻ്റെ സ്ഥാനം". അതിരുകടന്ന എൻറെ പ്രയോഗത്തിന് കയ്യടി കിട്ടി. ഒപ്പം സമ്മേളനം വീക്ഷിക്കാൻ വന്ന നേതാക്കളുടെ വിമർശനവും കിട്ടി. ചർച്ചയ്ക്ക് മറുപടി പറഞ്ഞ സുധാകരൻ മറുപടി പറഞ്ഞത് ലേഡി മാക്ബത്തിനെ ഉപയോഗപ്പെടുത്തിയായിരുന്നു. സുധാകരൻ പറഞ്ഞു, "കണ്ണൂരിൽ നിന്നുള്ള പ്രതിനിധി എ കെ ബാലൻ ഇവിടെ ആടി തിമിർത്തത് ലേഡി മാക്ബത്തിന് സമാനമാണ്. കുറ്റബോധം കൊണ്ട് ലേഡി മാക്ബത് ഉറക്കത്തിൽ ഞെട്ടും. ബേസിനിൽ പോയി കൈ കഴുകും. അറേബ്യയിലെ എല്ലാ സുഗന്ധ ലേപനങ്ങൾ കൊണ്ട് കഴുകിയാലും എന്റെ കയ്യിലെ രക്തക്കറ മാറില്ല. അങ്ങനെ പിറുപിറുക്കും. ലേഡി മാക്ബത്തിൻ്റെ ഉറക്കത്തിലെ നടത്തമാണ് ഇവിടെ ബാലൻ പ്രകടിപ്പിച്ചത്. ഇതിനെ സോംനാംബുലിസം എന്നാണ് പറയുന്നത് ". അന്ന് സുധാകരൻ എം എ ഇംഗ്ലീഷ് വിദ്യാർഥിയായിരുന്നു. മറുപടിക്കും പ്രതിനിധികൾ കയ്യടിച്ചു.

സമ്മേളനം കഴിഞ്ഞ് ഞാനും കോടിയേരിയും തലശ്ശേരി സ്റ്റേഡിയം കോർണറിനടുത്തുള്ള ഒരു കോൺക്രീറ്റ് ബഞ്ചിലിരുന്ന് സംസാരിക്കുമ്പോൾ ബാലകൃഷ്ണൻ പറഞ്ഞു, "സംസ്ഥാന കമ്മിറ്റിയിൽ എടുക്കാത്തതിൽ നിരാശ തോന്നരുത് ". അപ്പോൾ ഞാൻ പറഞ്ഞു, " നിരാശ എൻ്റെ അജണ്ടയിലില്ല. ഒരു ഘട്ടത്തിൽ ബാലകൃഷ്ണൻ എൻറെ ജൂനിയർ ആയിരുന്നല്ലോ. ഞാൻ പൊതുരംഗം വഴി നേതാവാകാൻ തീരെ ആഗ്രഹിക്കുന്ന ഒരാളല്ല. കാരണം എന്റെ വഴി അതല്ല. ഒരു ജോലിയാണ്. പഠനം കഴിഞ്ഞാൽ ജോലിക്ക് പോകും. പഠിക്കുന്ന ഘട്ടത്തിൽ പരമാവധി വിദ്യാർത്ഥി സംഘടനാ രംഗത്ത് നിൽക്കും. അതിൽനിന്ന് ഒഴിയാൻ എനിക്ക് കഴിയില്ല. പ്രത്യേകിച്ച് ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി രംഗം സംഘർഷഭരിതമാണ്. എനിക്ക് ഒരു ക്ഷീണം പറ്റിയാൽ അത് എസ്എഫ്ഐയെ ബാധിക്കും". പിന്നീടുള്ള ഓരോ ഘട്ടത്തിലും സഖാവ് കോടിയേരിയും ഞാനും ഒരേ ട്രാക്കിലാണ് ഓടിയത്. എൻറെ സ്പീഡ് ഞാൻ തന്നെ കുറച്ച കാലഘട്ടം ഉണ്ടായിരുന്നു. കോട്ടയം സമ്മേളനത്തിനും കൊല്ലം സംസ്ഥാന സമ്മേളനത്തിനുമിടയിലുള്ള കാലത്താണ് സഖാവ് അഷ്റഫ് ബ്രണ്ണൻ കോളേജിൽ കുത്തേറ്റ് വീഴുന്നതും പിന്നെ വിട്ടുപിരിയുന്നതും. ജി സുധാകരന്റെ പ്രിയപ്പെട്ട അനുജൻ ജി ഭുവനേന്ദ്രനും രക്തസാക്ഷിയായി. 1977 ഡിസംബർ 7 നാണ് ഭുവനേന്ദ്രൻ രക്തസാക്ഷിയായത്. പൊതുവിൽ വിദ്യാലയ അന്തരീക്ഷത്തിൽനിന്ന് കെഎസ്‌യുവിന്റെ നീല പതാക ഇല്ലാതായി. എസ്എഫ്ഐയുടെ ശുഭ്ര പതാകയുടെ ചുവന്ന നക്ഷത്രം തിളങ്ങി.

സുധാകരനെ ഞാനിപ്പോഴും ബഹുമാനിക്കുന്നു. വി എസ്, പിണറായി മന്ത്രിസഭകളിൽ ഞാനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. കാലം എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി. തിരിച്ചറിഞ്ഞത് വൈകിയാണ്. പക്ഷേ ജി സുധാകരൻ പഴയ ജി സുധാകരൻ തന്നെയാണ് ; മാറ്റമില്ല.

കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സമ്മേളന ഡയസിൽ ഇരുന്ന് ഉച്ചഭക്ഷണ സമയത്ത് ഷാജിലാലും ഞാനും പഴയ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ സമയം പോയത് അറിഞ്ഞില്ല. സമ്മേളനം പുനരാരംഭിക്കുവാൻ സമയമായി. ഞങ്ങൾ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു. കോട്ടയത്ത് വരുമ്പോൾ കുടുംബസമേതം വരാനുള്ള ഷാജിലാലിൻറെ ക്ഷണം സ്വീകരിച്ചു. പലപ്പോഴും ക്ഷണിച്ചതാണ്; പക്ഷേ അവസരം കിട്ടിയില്ല.

കെഎസ്എഫ്ഇ ഓഫീസേഴ്സ് സമ്മേളന പ്രതിനിധികളിൽ നിന്നുണ്ടായ ചില പരാമർശങ്ങൾ അലോസരപ്പെടുത്തുന്നതായിരുന്നെങ്കിലും ഞാൻ തീരെ അസഹിഷ്ണുത കാട്ടിയില്ല. കാരണം പഴയ എസ്എഫ്ഐ കോട്ടയം സമ്മേളനത്തിന്റെ ഓർമ്മ. അതിർവരമ്പുകൾ ഞാനും ലംഘിച്ചതാണല്ലോ..

Content Highlights: CPIM Leader A K Balan explains Facebook post against G Sudhakaran

dot image
To advertise here,contact us
dot image