
പത്തനംതിട്ട: ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് തിരുത്തി. ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ലെന്ന വാചകമാണ് തിരുത്തിയത്. ഈ വാചകത്തെ 'ആചാര ലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്ന് മാത്രമല്ല പൊറുക്കില്ലെന്ന് ഓർക്കുന്നത് നന്ന്' എന്നാക്കി മാറ്റി.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണമെന്ന വാദവുമായാണ് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും വിമര്‍ശിച്ചിരുന്നു. ആചാരപ്രകാരം 11. 20 ന് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നതെന്നും സംഘപരിവാര്‍ മാധ്യമങ്ങളാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പറഞ്ഞിരുന്നു.
വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് ഉദ്ഘാടകനായ മന്ത്രി വി എൻ വാസവന് വിളമ്പിയെന്നായിരുന്നു പരാതി. ഇതുശരിവെക്കുന്ന കത്ത് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി വ്യക്തമായെന്നും ശുദ്ധിക്രിയകള്‍ നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ദേവസ്വം ബോർഡ് അയച്ച കത്തിന് മറുപടി എന്ന നിലയിലാണ് പ്രായശ്ചിത്തം നടത്താൻ നിർദ്ദേശിച്ചതെന്ന് തന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. ദേവസ്വം ബോർഡിൻ്റെ രണ്ട് കത്തുകൾക്ക് നൽകിയ മറുപടിയിലാണ് ആചാരലംഘനം നടന്നതായും പ്രശ്നക്രിയകൾ നടത്തണമെന്നും നിർദ്ദേശിച്ചതെന്ന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടത്തിരിപ്പാട് പറഞ്ഞു.
ദേവസ്വം മന്ത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ല എന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു. ആചാരലംഘനം നടന്നെന്ന് തന്ത്രി തന്നെ പറഞ്ഞതിനാൽ ആറൻമുള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ,എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരോട് റിപ്പോർട്ട് തേടിയെന്നും പ്രശാന്ത് വ്യക്തമാക്കി. വിവാദത്തിൽ തന്ത്രിയേയും ദേവസ്വം ബോർഡിനേയും തള്ളി ആറന്മുള പള്ളിയോട സേവാ സംഘവും രംഗത്തെത്തി. വിവാദത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി പള്ളിയോട സേവാസംഘം പ്രസിഡണ്ട് കെ വി സാംബ ദേവൻ പറഞ്ഞു.
Content Highlights: Valla Sadhya controversy; CPIM Pathanamthitta District Committee has corrected the Facebook post shared