ആഗോള അയ്യപ്പസംഗമം; ഒരു ദിവസത്തെ പരിപാടിക്ക് 8 കോടി രൂപ ചെലവായതിന്റെ ലോജിക് പിടി കിട്ടുന്നില്ലെന്ന് ചെന്നിത്തല

'ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്'

ആഗോള അയ്യപ്പസംഗമം; ഒരു ദിവസത്തെ പരിപാടിക്ക് 8 കോടി രൂപ ചെലവായതിന്റെ ലോജിക് പിടി കിട്ടുന്നില്ലെന്ന് ചെന്നിത്തല
dot image

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക് പിടികിട്ടുന്നില്ലെന്നും ചെലവായ തുകയുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കമ്മീഷൻ കൂടി ചേർത്ത തുകയാണ് എട്ടുകോടിയെന്നും അദ്ദേഹം ആരോപിച്ചു.

ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോൺസർമാർ നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. ഇതുവരെ സ്‌പോൺസർമാരിൽ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്‌പോൺസർമാരാണ് പണം നൽകിയതെന്നും സർക്കാർ വ്യക്തമാക്കണം. പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നൽകിയ സ്‌പോൺസർമാർ ആരാണെന്നും ചെന്നിത്തല ചോദിച്ചു. ഇത്ര ഭീമമായ തുക ഒറ്റദിവസം കൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്കാ പട്ടണമാണോയെന്നും അദ്ദേഹം ചോദിച്ചു.

ഇതുവരെ നാലു കോടിയോളം രൂപ ബിൽ ഇനത്തിൽ മാറിയിട്ടുണ്ട്. ഇതെല്ലാം ദേവസ്വം ബോർഡിന്റെ വർക്കിങ് ഫണ്ടിൽ നിന്നാണ് പോയിരിക്കുന്നത്. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോർഡിന്റെ വരുമാനം. വിദേശത്തു നിന്നും വൻതോതിൽ പ്രതിനിധികൾ എത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദമെന്നും എന്നാൽ കാര്യമായി ആരും എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നാലായിരം അതിഥികൾക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി മൂടേണ്ടി വന്നു. എല്ലാ ഫണ്ടിലും കയ്യിട്ടു വാരാൻ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍?. അവരുടെ പേരുവിവരങ്ങൾ പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Content Highlights: Ramesh Chennithala Demands Transparency in Ayyappa Sangamam Expenses

dot image
To advertise here,contact us
dot image