
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ആക്രമണമുണ്ടായ സംഭവം വഴി തിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു എന്നാണ് പുതിയ കഥയെന്നും സംഭവ സ്ഥലത്ത് പൊലീസ് കൊണ്ടുവന്നതല്ലാത്ത സ്‌ഫോടക വസ്തു ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ ആരോപണം പൊലീസ് ഏറ്റെടുക്കുകയാണ്. സ്‌ഫോടക വസ്തു എന്ന പേരില്‍ മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം തിരക്കഥയില്‍ പൊലീസ് അഭിനയിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്നത് പോലീസ് തന്നെ എറിഞ്ഞ സ്ഫോടക വസ്തുവാണ്', പ്രവീണ്‍ കുമാര്‍ പറഞ്ഞു.
പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ പൊലീസ് കേസെടുത്തിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തത്.
യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്‌ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തുകയായിരുന്നു. ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സ്‌ഫോടനം നടന്നുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു.
Content Highlights: Perambra clash Congress says police try to divert incident