'പാലക്കാട് നടന്നത് സെലക്ടീവായ സമരങ്ങളും പ്രതിഷേധങ്ങളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഒ ജെ ജനീഷ്

സമാനതകളില്ലാത്ത സമര പോരാട്ടവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് ഒ ജെ ജനീഷ്

'പാലക്കാട് നടന്നത് സെലക്ടീവായ സമരങ്ങളും പ്രതിഷേധങ്ങളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഒ ജെ ജനീഷ്
dot image

തൃശൂർ: മണ്ഡലത്തിൽ സജീവമാകുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നിയുക്ത അധ്യക്ഷൻ ഒ ജെ ജനീഷ്. പാലക്കാട് പിരായിരിയിൽ ഇന്ന് രാഹുലിനെതിരായ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തവരാരും സമാന സാഹചര്യത്തിൽ മറ്റാളുകൾക്കെതിരെ ഇത്തരം ആക്ഷേപം ഉയർന്നപ്പോൾ പ്രതിഷേധിക്കുന്നത് കണ്ടിട്ടില്ല. പാലക്കാട് സെലക്ടീവായ സമരങ്ങളും പ്രതിഷേധവുമാണ് നടക്കുന്നതെന്നും ജനീഷ് പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ പരിപാടിയിൽ പങ്കെടുക്കുക എന്നുള്ളത് ഭരണപരമായ ഉത്തരവാദിത്വമാണ്. എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ അഭിപ്രായ വ്യത്യാസം ഇല്ല. മണ്ഡലത്തിൽ അദ്ദേഹം ഉണ്ടാകണമെന്നത് ജനങ്ങളുടെ അവകാശമാണ്. പാർട്ടി അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചതാണെന്നും ജനീഷ് പറഞ്ഞു. പാലക്കാട് റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുലിനെ ഇന്ന് ഡിവൈഎഫ്ഐയും ബിജെപിയും തടഞ്ഞിരുന്നു.

പുതിയ നേതൃത്വത്തെ കൂട്ടി യോജിപ്പിച്ച് കഴിഞ്ഞ കാലങ്ങളിലേതു പോലെ തന്നെ സമാനതകളില്ലാത്ത സമര പോരാട്ടവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് ഒ ജെ ജനീഷ് പറഞ്ഞു. നാട്ടിലെ ജനങ്ങൾ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാകാത്ത സർക്കാർ ദേവന്റെ സ്വത്തുകൂടി അപഹരിക്കുന്നതാണ് നാം കാണുന്നത്. സർക്കാരിനെതിരെ നാട്ടിലെ ജനങ്ങൾ പ്രതീക്ഷയോടെയാണ് യൂത്ത് കോൺഗ്രസിനെയും കോൺഗ്രസിനെയും കാണുന്നത്. ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ ഈ അവസരത്തെ വിനിയോഗിക്കും.സംസ്ഥാനത്ത് ഭരണമാറ്റം ജനം ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: youth congress state president oj janeesh supports Rahul Mamkootathil

dot image
To advertise here,contact us
dot image