
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തില്‍ അയഞ്ഞ് സര്‍ക്കാര്‍. എന്‍എസ്എസിന് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച അനുകൂല വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാനാണ് നീക്കം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സുപ്രീംകോടതിയെ ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം നടപ്പാക്കുമെന്നും എല്ലാവര്‍ക്കും കൊടുക്കുകയാണ് ന്യായമെന്ന് മനസ്സിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ചയാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. എന്‍എസ്എസിന് സുപ്രീംകോടതിയില്‍ നിന്നും ലഭിച്ച നിയമന ഇളവുകള്‍ മറ്റു എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. തുടര്‍ന്ന് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
എന്‍എസ്എസ് മാനേജ്‌മെന്റിന് കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത തസ്തികകള്‍ ഒഴിച്ചിട്ട് ബാക്കി തസ്തികകളില്‍ നിയമനം നല്‍കാന്‍ സപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഭിന്നശേഷി സംവരണ വിഷയം മൂലം അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാന്‍ കഴിയുന്നില്ലെന്നും എന്‍എസ്എസ് മാനേജ്‌മെന്റിന് അനുകൂലമായി വന്ന കോടതി വിധി മറ്റുള്ളവയ്ക്കും ബാധകമാക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: appointment of differently abled in aided schools cabinet decision