ഗജവീരന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എലിഫെന്‍റ് ലവേഴ്സ് അസോസിയേഷൻ

കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയില്‍ വച്ച് നടന്ന ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു

ഗജവീരന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എലിഫെന്‍റ് ലവേഴ്സ് അസോസിയേഷൻ
dot image

തൃശൂര്‍: ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെയാണ് ചരിഞ്ഞത്. 35 വയസ്സായിരുന്നു പ്രായം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്ക്കല്‍ ഹൗസില്‍ എ എസ് രഘുനാഥന്‍ നടയ്ക്കിരുത്തിയ ആനയാണ് ഗുരുവായൂര്‍ ഗോകുല്‍. കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയില്‍ വച്ച് നടന്ന ഒരു ഉത്സവത്തിനിടെ പീതാംബരന്‍ എന്ന ആനയുടെ കുത്തേറ്റ ഗോകുലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആഴത്തിലുള്ള പരിക്കായതിനാല്‍ ഏറനാളാത്തെ ചികിത്സയും നല്‍കി. പിന്നീട് ക്ഷീണിതനായ ഗോകുല്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്നു.

ഗുരുവായൂര്‍ ഗോകുലിന് ദേവസ്വം അന്തിമോപചാരം നല്‍കി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ എം രാധ, അസി. മാനേജര്‍ സുന്ദര്‍രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

അതേസമയം, ഗുരുവായൂര്‍ ഗോകുല്‍ ചരിഞ്ഞതില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആനപ്രേമികളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആന ചരിഞ്ഞതില്‍ ദേവസ്വം അധികാരികള്‍ അനാസ്ഥ കാണിച്ചെന്നാണ് അസോസിയേഷന്‍ പ്രസിഡന്റ് കെ പി ഉദയന്‍ ആരോപിക്കുന്നത്.

ചികിത്സാരീതികളിലും തുടര്‍ന്നുള്ള പരിചരണത്തിലും വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണം.
ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ദേവസ്വം തലത്തില്‍ മാത്രം അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. നീതിയുക്തമായ അന്വേഷണം നടത്താന്‍ ഒരു ബാഹ്യ ഏജന്‍സിയെ നിയോഗിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Guruvayur Gokul at Guruvayur devasom Elephant Fort, has fallen.

dot image
To advertise here,contact us
dot image