
കോഴിക്കോട്: പേരാമ്പ്രയില്‍ വെള്ളിയാഴ്ച പൊലീസ് ലാത്തിയടിയില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എം പി ലോക്‌സഭ സ്പീക്കര്‍ക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും പരാതി നല്‍കി. പ്രസ്തുത വിഷയത്തില്‍ പൊലീസുക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എം പി പരാതി നല്‍കിയത്. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് മര്‍ദ്ദിച്ചതെന്നും റൂറല്‍ എസ്പി കെ ഇ ബൈജു സംഭവം ശരിവച്ച സാഹചര്യത്തില്‍ അടിയന്തരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. റൂറല്‍ എസ്പിക്ക് എതിരെയും പരാതിയിൽ ആരോപണമുണ്ട്.
പേരാമ്പ്ര സംഭവത്തിന് ശേഷം റൂറല്‍ എസ്പി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പറയികയുണ്ടായി. എന്നാല്‍, അതേ വ്യക്തി തന്നെ ഇക്കാര്യം പരസ്യമായി നിഷേധിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. ആദ്യം പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളച്ചൊടിച്ച് പ്രസ്താവന നടത്തിയതായും ഷാഫി പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച പേരാമ്പ്രയില്‍ സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപ്പാടിയിലേക്കാണ് താന്‍ പോയത്. ആ സമയം അവിടെ ക്രമസമാധാന പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍, പൊലീസ് കാര്യങ്ങള്‍ ഇടപ്പെട്ട് വഷളാക്കി. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പരാതിയില്‍ ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെടുന്നുണ്ട്.
പേരാമ്പ്രയിലെ സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. നടപടി എടുത്തില്ലെങ്കില്‍ റൂറല്‍ എസ്പി കെ ഇ ബൈജുവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
Content Highlights: Shafi Parambil MP who injured in a police lathicharge in Perambra filed complaint with the Lok Sabha Speaker and parliamentary committee.