
കോഴിക്കോട്: പേരാമ്പ്രയില്‍ റിപ്പോര്‍ട്ടര്‍ മാധ്യമസംഘത്തിന് നേരെയുണ്ടായ കോണ്‍ഗ്രസ് അക്രമത്തില്‍ പ്രതികരിച്ച് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയതായി പ്രവീണ്‍ കുമാര്‍ പറഞ്ഞു. നടന്നത് ന്യായീകരിക്കാന്‍ കഴിയാത്ത സംഭവമാണ്. ആരാണ് ഇതിന് പിന്നില്‍ എന്ന് അറിയില്ല. ഒരു മാധ്യമത്തേയും ആക്രമിക്കരുത് എന്നാണ് നിലപാട്. ഇന്നലെ ഉണ്ടായത് മോശം സംഭവമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ റിപ്പോര്‍ട്ടര്‍ മാധ്യമസംഘത്തിന് നേരെ അക്രമം നടന്നത്. യുഡിഎഫിന്റെ പ്രതിഷേധ സദസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ ടിവി ചീഫ് റിപ്പോര്‍ട്ടര്‍ എ കെ അഭിലാഷിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെ അസഭ്യം പറയുകയും ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചെടുക്കാനും ശ്രമമുണ്ടായി. കാമറാമാന്‍ ഷനില്‍ കണ്ണന്‍, ഡ്രൈവര്‍ സുബിന്‍ എന്നിവര്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് കോണ്‍ഗ്രസ് ശൈലിയല്ലെന്നായിരുന്നു അരുണ്‍ രാജേന്ദ്രന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണം സ്വന്തം കുഴി ജെസിബികൊണ്ട് തോണ്ടി അതില്‍ സ്വയം കിടക്കുന്നതിന് തുല്യമാണെന്നും അരുണ്‍ പറഞ്ഞു.
സംഭവത്തില്‍ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അക്രമം ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കെയുഡബ്ല്യുജെ പറഞ്ഞു. അക്രമത്തില്‍ യൂണിയന്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇത്തരം നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരുത്തണമെന്നും യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഇ പി മുഹമ്മദും സെക്രട്ടറി പി കെ സജിതും പ്രസ്താവനയില്‍ പറഞ്ഞു.
Content Highlights- Dcc president k praveen kumar reaction over congress attack against reporter tv team