നായ്ക്കളുടെ രോമത്തിലുള്ളതിനേക്കാള്‍ ബാക്ടീരിയ താടിയിലുണ്ടത്രേ..; താടിക്കാരേ ശ്രദ്ധിക്കൂ!!

അതായത് താടി എന്നത് സ്വതവേ വൃത്തിയില്ലാത്ത ഒന്നാണെന്നല്ല, നിങ്ങളുടെ പരിചരണം നല്ല രീതിയിലല്ലെങ്കില്‍ ബാക്ടീരിയകള്‍ താടിയില്‍ വളരാനിടയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

നായ്ക്കളുടെ രോമത്തിലുള്ളതിനേക്കാള്‍ ബാക്ടീരിയ താടിയിലുണ്ടത്രേ..; താടിക്കാരേ ശ്രദ്ധിക്കൂ!!
dot image

താടിയില്‍ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും എന്നു നിങ്ങളോട് പറയുന്ന ആരെങ്കിലുമുണ്ടോ? എങ്കില്‍ താടി അത്ര സുരക്ഷിതമല്ലെന്ന് അവരോട് നിങ്ങളും പറയണം. അതേ ജെന്റ്‌സിനിടയില്‍ കട്ടത്താടി ഫാഷനായിട്ട് കാലം കുറച്ചായി. പക്ഷെ ഈ താടിവളര്‍ത്തല്‍ അത്രയ്ക്കങ്ങ് സുരക്ഷിതമല്ലെന്ന ഒരു റിപ്പോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. അതായത് താടി ബാക്ടീരിയകളുടെ ഒരു കേന്ദ്രമാണത്രേ. നായ്ക്കളുടെ രോമത്തില്‍ കാണുന്നതിനേക്കാള്‍ ബാക്ടീരിയ മനുഷ്യരുടെ താടിയില്‍ ഉണ്ടെന്നാണ് പഠനത്തിന്റെ രത്‌നച്ചുരുക്കം!

അതായത് താടി എന്നത് സ്വതവേ വൃത്തിയില്ലാത്ത ഒന്നാണെന്നല്ല, നിങ്ങളുടെ പരിചരണം നല്ല രീതിയിലല്ലെങ്കില്‍ ബാക്ടീരിയകള്‍ താടിയില്‍ വളരാനിടയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. യൂറോപ്യന്‍ റേഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗവേഷകരാണ് താടിയും നായ്ക്കളുടെ പൂടയും തമ്മിലുള്ള താരതമ്യ പഠനം നടത്തിയത്. ഇതിനായി 18 താടിക്കാരായ പുരുഷന്മാരില്‍ നിന്നും 30 ഇനത്തില്‍ പെട്ട നായ്ക്കളില്‍ നിന്നും ഇവര്‍ യഥാക്രമം താടിയും രോമവും ശേഖരിച്ചു പരിശോധിച്ചു. ഇവരുടെ ഉമിനീരും പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ താരതമ്യ പഠനത്തിലാണ് നായ്ക്കളുടെ ശരീരത്തിലെ രോമത്തിലുള്ളതിനേക്കാള്‍ ബാക്ടീരിയ മനുഷ്യരുടെ താടിയില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. രണ്ടുപേരില്‍ അപകടകാരിയായ എന്ററോകോക്കസ് ഫെകാലിസ്, സ്റ്റൈഫൈലോകോക്കസ് ഓറിയസ് എന്നീ ബാക്ടീരയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

താടി എങ്ങനെ ബാക്ടീരിയകളുടെ കേന്ദ്രമാകുന്നു

താടികള്‍ക്ക് ബാക്ടീരിയ വളരുന്നതിനുള്ള അന്തരീക്ഷമൊരുക്കാനായി സാധിക്കും. ഈര്‍പ്പം, ചര്‍മകോശങ്ങള്‍, എണ്ണ, ഭക്ഷണ ശകലങ്ങള്‍, വിയര്‍പ്പ്, പൊടി എന്നിവ താടിയില്‍ തങ്ങിനില്‍ക്കാന്‍ സാധ്യത ഏറെയാണ്. ശരിയായ രീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഇവയെല്ലാം അടിഞ്ഞുകൂടി ബാക്ടീരിയയ്ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. പ്രത്യേകിച്ച് അല്പം വൃത്തിക്കുറവുള്ള വ്യക്തിയാണെങ്കില്‍ ഇത് വലിയ രീതിയിലുള്ള അപകടമാണ് വരുത്തിവയ്ക്കുക. തന്നെയുമല്ല താടി എന്നുപറയുന്നത് മൂക്കിന്റെയും വായുടെയും സമീപത്താണ്. ബാക്ടീരിയ തങ്ങിനില്‍ക്കാനും കൈമാറ്റം ചെയ്യപ്പെടാനും ഏറ്റവും സാധ്യതയുള്ള ഭാഗമാണ് ഇത്. താടി ഗുരുതര രോഗങ്ങളിലേക്ക് നയിക്കില്ലെങ്കിലും സെന്‍സിറ്റീവ് ചര്‍മമുള്ളവരില്‍ അസ്വസ്ഥത, മുഖസുഷിരങ്ങള്‍ അടഞ്ഞുപോവുക, മുഖത്തെ മുറിവുകളില്‍ ഈ ബാക്ടീരിയ പ്രവേശിക്കുന്നത് മൂലമുള്ള അണുബാധ തുടങ്ങി പലപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

താടി ഇനി വളര്‍ത്തേണ്ടെന്നല്ല തീരുമാനിക്കേണ്ടത്

എങ്കിലിനി ക്ലീന്‍ ഷേവ് ചെയ്ത് പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. പക്ഷെ താടിയോട് വല്ലാത്ത ഇഷ്ടമുള്ളവരോ അവരെന്ത് ചെയ്യും. ശുചിത്വം പാലിക്കുക എന്നുള്ളതാണ് അതിനുള്ള ഉത്തരം. അതായത്, താടി പരിപാലനത്തിലായി അല്പം സമയവും ശ്രദ്ധയും നല്‍കുക. നിത്യവും താടി കഴുകാം, താടിക്കായുള്ള ഷാമ്പൂ മുതലായവ ഉപയോഗിക്കാം, അധികമായി കഴുകിയാല്‍ അത് മുഖത്തെ ചര്‍മം വരളുന്നതിന് കാരണമാകും. താടിയില്‍ ഓയില്‍ തേച്ചുകൊടുക്കാം. മുടി മൃദുവാക്കും, ചൊറിച്ചില്‍ തടയും. മൃതകോശങ്ങളെ തടയാനും താടിയിയിലെ താരന്‍ തടയാനും ചര്‍മം എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ചതിനും ശേഷവും വിയര്‍ത്തതിന് ശേഷവും പൊടി നിരഞ്ഞ അന്തരീക്ഷത്തില്‍ ചെലവഴിക്കേണ്ടി വരികയാണെങ്കിലും താടി നന്നായി കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കണം. റേസര്‍, കത്രിക, ചീപ്പുകള്‍, ബിയേഡ് ബ്രഷ് എന്നിവ നല്ലപോലെ വൃത്തിയാക്കുക. കൃത്യമായ ഇടവേളകളില്‍ ട്രിം ചെയ്ത് ആകൃതിയില്‍ നിലനിര്‍ത്താം. ബാക്ടീരിയയ്ക്ക് ഒളിച്ചിരിക്കാനുള്ള സ്ഥലങ്ങള്‍ വൃത്തിയിലൂടെ ഇല്ലാതാക്കാം.

Content Highlights: Germs in Your Beard: A Study Reveals the Shocking Truth

dot image
To advertise here,contact us
dot image