ഇപ്പോൾ വരുമാനം നിലച്ചു, മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിതരണം; അഭിനയം തുടരണം: സുരേഷ് ഗോപി

ഇപ്പോൾ എന്ത് പറഞ്ഞാലും അതെടുത്ത് വളച്ചൊടിക്കുകയാണ്. പ്രജ എന്നു പറഞ്ഞാൽ എന്താണ് ഇത്ര കുഴപ്പമെന്ന് സുരേഷ് ഗോപി

ഇപ്പോൾ വരുമാനം നിലച്ചു, മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിതരണം; അഭിനയം തുടരണം: സുരേഷ് ഗോപി
dot image

കണ്ണൂർ: കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതിൽതുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോൾ ഇതൊരിക്കലും നടക്കാൻ സാധ്യതയില്ലാത്തൊരു മുഹൂർത്തമാണ്. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു.

രാജ്യസഭ എംപിയായി സി സദാനന്ദൻ സ്ഥാനമേറ്റതിന് പിന്നാലെ വിമർശനമുന്നയിച്ച സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജനെയും സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജനെയും സുരേഷ് ഗോപി പരിഹസിച്ചു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല 'ജയരാജ് സഹോദരന്മാർ' പരാമർശം നടത്തിയത്. അവർക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികൾ കൊണ്ടുവരാൻ സദാനന്ദൻ മുൻകൈ എടുക്കുമെന്ന ഭയപ്പാട് അവർക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സദാനന്ദൻ കേരളത്തിലെ പ്രജ്ഞാ സിങ് ഠാക്കൂർ ആണെന്നും സിപിഐഎമ്മുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് കരുതേണ്ടെന്നും എം വി ജയരാജൻ പറഞ്ഞിരുന്നു. കറകളഞ്ഞ ഒരു ആർഎസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതെന്നും സാധാരണയായി വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് നോമിനേറ്റ് ചെയ്യാറുള്ളതെന്നുമായിരുന്നു പി ജയരാജന്റെ വിമർശനം.

നരേന്ദ്രമോദി സർക്കാരിന്റെ നൈപുണ്യം കേരളത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വം സദാനന്ദനെ രാജ്യസഭയിലെത്തിച്ചത്. കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് കർമ്മയാണ്. അതിന്റെ ഉദാത്ത ഉദാഹരണമാണ് സദാനന്ദൻ മാസ്റ്റർ. എംപിയെന്ന അദ്ദേഹത്തിന്റെ ഓഫീസ് വൈകാതെ മന്ത്രിയുടെ ഓഫീസായി മാറണമെന്നാണ് പ്രാർത്ഥനയെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം തനിക്ക് സിനിമ അഭിനയം തുടരണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരുപാട് സമ്പാദിക്കണം എന്നുണ്ട്. ഇപ്പോൾ വരുമാനം നല്ല നിലയിൽ നിലച്ചു. പാർട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താൻ. തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രജ പരാമർശത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഇപ്പോൾ എന്ത് പറഞ്ഞാലും അതെടുത്ത് വളച്ചൊടിക്കുകയാണ്. പ്രജ എന്ന് പറഞ്ഞാൽ അസുഖമാണ് എല്ലാവർക്കും. പ്രജ എന്ന് പറഞ്ഞാൽ അതിനെന്താണ് ഇത്ര കുഴപ്പം. പ്രജാതന്ത്രം എന്താണെന്ന് അവർ ആദ്യം പഠിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

പറഞ്ഞകാര്യങ്ങളെയെല്ലാം വേണ്ടുംവിധം വെട്ടിമുറിച്ച് വളച്ചൊടിക്കുകയാണ്. മിനിഞ്ഞാന്ന് പറഞ്ഞകാര്യം സംബന്ധിച്ച് അടുത്ത കലുങ്കിൽ സർജിക്കൽ സ്‌ട്രൈക്ക് ഉണ്ടാകും. ഒന്നിനേയും ഞാൻ വെറുതെ വിടില്ല, ഈശ്വരഹിതമായ കാര്യമാണ് താൻ ചെയ്യുന്നതും പറയുന്നതും. ഈ പൂച്ചാണ്ടിയൊന്നും കാണിച്ച് തന്നെ പേടിപ്പിക്കേണ്ട. വേദനയും രോഷവും മറച്ചുപിടിച്ച് ഇളിച്ചുകാണിക്കുന്ന രാഷ്ട്രീയക്കാരനാകാന്‍ എനിക്കാവില്ല. രാഷ്ട്രീയക്കാരനായി ജീവിക്കുക എന്നത് എനിക്ക് അത്യാവശ്യമല്ല, ആത്യന്തികമായി മനുഷ്യനായി ജീവിക്കണമെന്നാണ് തനിക്കെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Suresh Gopi reaction on c sadanandan master Rajya Sabha membership

dot image
To advertise here,contact us
dot image