
കട്ടപ്പന: മാധ്യമപ്രവര്‍ത്തകരെ പൊതുമധ്യത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ വിയോജിപ്പ് പരസ്യമാക്കി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം കോണ്‍ഗ്രസ് ശൈലിയല്ലെന്ന് അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെയുണ്ടായ അതിക്രമത്തിന്റെ വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചായിരുന്നു അരുണ്‍ രാജേന്ദ്രന്റെ പ്രതികരണം.
പ്രതിഷേധങ്ങള്‍ സര്‍ക്കാരിനും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടകളായ പൊലീസിന് എതിരെയുമാണെന്നും അത് മാധ്യമങ്ങള്‍ക്ക് നേരെയല്ലെന്നും അരുണ്‍ രാജേന്ദ്രന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിനുമേലുള്ള കടന്നുകയറ്റം നമ്മുടെ ശൈലിയല്ല. നമ്മള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അരുണ്‍ രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എന്തിന്റെ പേരിലായാലും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത്, സ്വന്തം കുഴി ജെസിബിക്ക് തോണ്ടി അതില്‍ സ്വയം കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും അരുണ്‍ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രതിഷേധങ്ങള്‍ സര്‍ക്കാരിന് എതിരെയും, സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടകളായ പൊലീസിന് എതിരെയും സിപിഎം ക്രിമിനല്‍ സംഘത്തിന് എതിരെയുമാണ്. നമ്മള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയല്ല ആവേണ്ടത്! അത് നമ്മള്‍ മുന്നോട്ടുവെക്കുന്ന പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിന് തുല്യമാണ്! മാധ്യമ പ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റം നമ്മുടെ ശൈലിയല്ല!. നമ്മള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളും, നമ്മള്‍ ഉയര്‍ത്തുന്ന ആശയങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല!
മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നുപറയുന്ന പിണറായിസ്സമോ, മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ചും, വെടിവെച്ച് കൊന്നുമുള്ള സംഘപരിവാര്‍ ശൈലിയോ അല്ല കോണ്‍ഗ്രസ് ശൈലി! മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമം മുന്‍കാലങ്ങളിലോ ഇന്നോ കോണ്‍ഗ്രസ് ശൈലിയോ കോണ്‍ഗ്രസ് നിലപാടോ അല്ല! എന്തിന്റെ പേരിലായാലും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത്, സ്വന്തം കുഴി ജെസിബിക്ക് തോണ്ടി അതില്‍ സ്വയം കുഴിച്ചുമൂടുന്നതിനു തുല്യമാണ്! ഇത്തരത്തിലുള്ള പ്രവര്‍ത്തികളോട് ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു!
ഇന്ന് വൈകിട്ടായിരുന്നു റിപ്പോര്‍ട്ടര്‍ വാര്‍ത്താസംഘത്തിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. പേരാമ്പ്രയില്‍വെച്ചായിരുന്നു സംഭവം. ഇന്നലെ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്നതായിരുന്നു പരിപാടി. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു അതിക്രമം. റിപ്പോര്‍ട്ടര്‍ എ കെ അഭിലാഷിനും വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ കയ്യേറ്റം നടന്നു. മാധ്യമപ്രവര്‍ത്തകയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്തെത്തിയിരുന്നു. മുഖം നഷ്ടപ്പെട്ട ഒരു കൂട്ടം നേതാക്കളാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും അവര്‍ എന്തും ചെയ്യുമെന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും വി വസീഫ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യത്തെ സംഭവമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഷാഫി-രാഹുല്‍ ടീമാണ്. അവര്‍ക്കെതിരെ എന്ത് വാര്‍ത്ത നല്‍കിയാലും കായികമായി നേരിടും എന്ന് പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും വി വസീഫ് പറഞ്ഞു. നേരത്തേ സൈബര്‍ ഇടത്തായിരുന്നെങ്കില്‍ ഇപ്പോള്‍ പൊതുനിരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. വി ഡി സതീശനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയവരാണ്. അവര്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തരെയും ആക്രമിക്കുന്നത്. ഇമേജ് ബില്‍ഡിംഗിനായി ഷാഫി മനഃപൂര്‍വം അക്രമം അഴിച്ചുവിടുകയാണെന്നും വസീഫ് പറഞ്ഞിരുന്നു.
ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.
പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.
ഷാഫിയുടെ മൂക്കിന് സാരമായ പരിക്കേറ്റെന്നാണ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു.
ഷാഫിക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights- ksu-state-vice-president-fb-post-slam congress over attack against media