ഗില്ലിനെതിരെ പറയുന്നത് അനീതി, എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു; പരസ്യമായി പിന്തുണച്ച് ഗംഭീർ

ഗില്ലിനെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി ഏകദിനത്തില്‍ നായകനായി പ്രഖ്യാപിച്ചിരുന്നു

ഗില്ലിനെതിരെ പറയുന്നത് അനീതി, എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു; പരസ്യമായി പിന്തുണച്ച് ഗംഭീർ
dot image

ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെ പിന്തുണച്ച് കോച്ച് ഗൗതം ഗംഭീർ. യുവതാരത്തിന് നേരെ വരുന്ന എല്ലാ വിമർശനങ്ങളും താൻ ഏറ്റെടുക്കുന്നുവെന്ന് ഗംഭീർ പറഞ്ഞു. അദ്ദേഹം ശരിയായ ദിശയിലാണെന്ന് പോകുന്നതെന്നും ഗംഭീർ പറഞ്ഞു. ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് തന്നെ ടെസ്റ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ച ഗില്ലിനെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരക്ക് മുന്നോടിയായി ഏകദിനത്തില്‍ നായകനായി പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമയെ മാറ്റി ഈ സ്ഥാനത്ത് ഗില്ലിനെ നിയമിച്ചതിൽ ഒരുപാട് വിമർശനങ്ങുളയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗംഭീറിന്റെ പിന്തുണ.

'25കാരനായ ഗില്ലിനെ ടെസ്റ്റ് ടീം നായകനായി തെരഞ്ഞെടുത്തപ്പോൾ ഞാനവനോട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. നിന്നെ ഞങ്ങൾ ആഴക്കടലിലേക്ക് എടുത്തെറിയുകയാണ്. നിനക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമെയുള്ളു. ഒന്നുകിൽ ലോകോത്തര നീന്തൽക്കാരനായി മാറാം അല്ലെങ്കിൽ മുങ്ങിപ്പോകാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ടീമിനെ നയിച്ച രീതി വെച്ച് നോക്കിയാൽ അവൻ അടിച്ച റൺസ് എന്നെ സംബന്ധിച്ച് വലിയ പ്രാധാന്യമില്ലായിരുന്നു. ഇംഗ്ലണ്ടിലെ സമ്മർദ്ദഘട്ടത്തിൽ അവൻ ടീമിനെ നയിച്ച രീതിയായിരുന്നു പ്രധാനം.

ഇനിയവന്റെ കരിയറിൽ ഇതിലും വെല്ലുവിളി നിറഞ്ഞ ടെസ്റ്റ് ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.
അടുത്ത 10 വർഷമോ 15 വർഷമോ ക്യാപ്റ്റനായാലും ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ട് മാസത്തോളം അവൻ അനുഭവിച്ച സമ്മർദ്ദത്തിന് അടുത്തൊന്നും വരാൻ ഒരു പരമ്പരക്കും സാധിച്ചേക്കില്ല. എതിരാളികളെ തകർക്കാൻ കെൽപുള്ള ബാറ്റിങ് നിരയായിരുന്നു ഇംഗ്ലണ്ടിൻറേത്, ഞങ്ങളാണെങ്കിൽ അത്രയൊന്നും പരിചയസമ്പത്തില്ലാത്തവരുടെ സംഘവും. പക്ഷെ ഇന്ത്യൻ യുവനിര സമ്മർദ്ദങ്ങളെ മനോഹരമായി തന്നെ നേരിട്ടു. ഓവൽ ടെസ്റ്റിനുശേഷം ഞാനവനോട് പറഞ്ഞു, നീ നിൻറെ കരിയറിലെ ഏറ്റവും വിഷമകരമായ പരീക്ഷ പാസായിരിക്കുന്നു. ഇനി ഇവിടുന്നങ്ങോട്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും.

ഇനി അവന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ഞാൻ കരുതുന്നത്, കാരണം ഗിൽ അത് അർഹിക്കുന്നുണ്ട്. അവന് ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ആളുകൾ പലതും പറഞ്ഞിട്ടുണ്ട്, അതിൽ ചിലത് വളരെ അന്യായമായിരുന്നു. നിങ്ങൾ കഴിവിന്റെ അടിസ്ഥാനത്തിലാണ് ഒരു കളിക്കാരനെ തിരഞ്ഞെടുക്കുക. 24 വയസ്സുള്ള ഒരാൾ എല്ലായ്‌പ്പോഴും ശരാശരി 50 റൺസ് നേടുമെന്നോ ലോകമെമ്പാടും സ്ഥിരതയോടെ റൺസ് നേടുമെന്നോ പ്രതീക്ഷിക്കാനാവില്ല എന്നാ അത് കാലക്രമേണ സംഭവിക്കും. അദ്ദേഹത്തിന്റെ കഴിവ് കണക്കിലെടുക്കുമ്പോൾ, ഇംഗ്ലണ്ടിൽ അദ്ദേഹം 750 റൺസ് നേടിയതിൽ ഞാൻ അത്ഭുതപ്പെട്ടില്ല,'' ഗംഭീർ പറഞ്ഞു.

'ഇംഗ്ലണ്ടിൽ ഗിൽ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു. ഞാനും സപ്പോർട്ട് സ്റ്റാഫുമെല്ലാം കടുത്ത സമ്മർദ്ദത്തിലായിരുന്നു ഒരുപക്ഷെ ഞങ്ങളെക്കാളേറെ സമ്മർദ്ദത്തിലായിരുന്നു അവൻ.. എന്നാൽ അവിടെ കളിച്ച 25 ദിവസത്തിൽ ഒരു ദിവസം പോലും അവൻ അസ്വസ്ഥനാവുകയോ സമ്മർദ്ദത്തിന് അടിപ്പെടുകയോ ചെയ്തില്ല. ഒരു ചിരിയോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ അവൻ ടീമിനായി നിൽക്കുന്നിടത്തോളം കാലം ഞാനവനെ സംരക്ഷിക്കും. അവനെതിരെയുള്ള വിമർശനങ്ങളെയെല്ലാം ഏറ്റെടുക്കുകയും ചെയ്യും. കാര്യങ്ങൾ വിചാരിച്ചപോലെ നടക്കാതാവുമ്പോൾ ഗിൽ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നറിയാൻ കൗതുകമുണ്ട്,' ഗംഭീർ കൂട്ടിച്ചേർത്തു.

Content Highlights- gautam Gambhir Supports Shubman Gill

dot image
To advertise here,contact us
dot image