സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിനിയായ 48കാരി

സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര മരണമാണിത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിനിയായ 48കാരി
dot image

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയായിരുന്നു മരിച്ച സ്ത്രീ. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര മരണമാണിത്.

കഴിഞ്ഞ എട്ട് ദിവസത്തിനിടെ പത്ത് പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതില്‍ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 57 കാരനായ നിര്‍മാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വര്‍ക്കല സ്വദേശികള്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.

മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികള്‍ക്കും കോഴിക്കോട് തിരുവാങ്ങൂര്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീര്‍മുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ മലിനജലത്തില്‍നിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണര്‍വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയാണുണ്ടാക്കുന്നത്.

നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് കൂടുതലായും രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കില്ല. പകരം വെള്ളത്തിലേക്ക് ചാടുമ്പോഴോ നീന്തുമ്പോഴോ വെള്ളം മൂക്കില്‍ കടന്നാല്‍ അമീബ മൂക്കിലെ അസ്ഥികള്‍ക്കിടയിലുളള വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാവുകയും ചെയ്യും.

രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗത്തിനുള്ള ചികിത്സ ലഭ്യമല്ല. രോഗത്തിന് മരണ സാധ്യത കൂടുതലായതുകൊണ്ടുതന്നെ രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയാണ് ചെയ്യുന്നത്.

Content Highlight; Woman Dies of Amoebic Meningoencephalitis in Kollam

dot image
To advertise here,contact us
dot image