
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലിയെന്നായിരുന്നു അധിക്ഷേപം. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമം പോലെയാണ് മുഖ്യമന്ത്രിയുടെ കുടുംബമെന്നും മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യാ പിതാവും കള്ളന്മാരാണെന്നും കെ എം ഷാജി ആരോപിച്ചു.
സ്വർണം കടത്തി കടത്തി ശബരിമലയിലെ സ്വർണവും കാണാനില്ല. മുഖ്യമന്ത്രിയും കൂട്ടരും ശബരിമലയിലെ സ്വർണവും കവർന്നു. ഉണ്ണികൃഷ്ണൻ പോറ്റി തനിച്ചല്ല സ്വർണം കവർന്നത്. കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 ൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേകിന് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഷാജിയുടെ പരാമർശം. ഫെബ്രുവരി 14-ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്താൻ നിർദേശം നൽകിയെങ്കിലും വിവേക് ഹാജരായിരുന്നില്ല.
കേസിൽ വിവേകിനെതിരെ ഇഡി തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായി കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.
അതേസമയം, ശബരിമലയിലെ സ്വർണക്കൊള്ളയിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കേസെടുത്തു. ദ്വാരപാലക ശിൽപത്തിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്നതിന് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിയായ കേസിൽ ഒമ്പത് ദേവസ്വം ജീവനക്കാരും പ്രതികളാണ്. കവർച്ച, വിശ്വാസ വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പ് എന്നിവ ചുമത്തിയാണ് കേസ്.
Content Highlights: KM Shaji slams Chief Minister Pinarayi Vijayan's family