
കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക കണ്ടെത്തല്‍. ദ്വാരപാലക ശില്‍പ്പങ്ങളിലും ശ്രീകോവിലിന്റെ കട്ടിളപ്പടിയിലും പൂശിയ സ്വര്‍ണം മോഷ്ടിക്കപ്പെട്ടതായി ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുപോയത് സ്വര്‍ണം പൂശിയ പാളികള്‍ തന്നെയാണെന്നും എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികള്‍ എന്നാണെന്നും കണ്ടെത്തിയ കോടതി, അത് ഗുരുതരമായ ക്രമക്കേടാണെന്നും വിലയിരുത്തി. 1998-ലെ രേഖകള്‍ അനുസരിച്ച് 30.291 കിലോഗ്രാം സ്വര്‍ണം കട്ടിളപ്പാളികളില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് 2019 മാര്‍ച്ച് 20-ലെ ഉത്തരവില്‍ ചെമ്പ് പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന് നിര്‍ദേശിച്ചുവെന്നും രേഖകള്‍ അനുസരിച്ച് പരസ്പര വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.
ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടായി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. 2019 മെയ് 18-ല്‍ ചെമ്പ് പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്ന് മഹസറില്‍ രേഖപ്പെടുത്തി. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് മഹസറില്‍ രേഖപ്പെടുത്തിയില്ല. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി, അസി. എഞ്ചിനീയര്‍ സുലിന്‍ കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരാണ് മഹസര്‍ തയ്യാറാക്കിയത്. 2019 മാര്‍ച്ച് നാലിന് ശ്രീകോവിലിന്റെ മുന്‍വാതിലിലും പിന്‍വാതിലിലും സ്വര്‍ണം പൂശി. ഇത് ഗോവര്‍ദ്ധന്‍ എന്ന സ്‌പോണ്‍സര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കി. ഇതിനായി ആകെ ഉപയോഗിച്ചത് 321 ഗ്രാം സ്വര്‍ണം. 2019 മാര്‍ച്ച് ഒന്നിന് 200 ഗ്രാം സ്വര്‍ണം ഗോവര്‍ദ്ധന്‍ എത്തിച്ചുനല്‍കി. മാര്‍ച്ച് നാലിന് 125.5 ഗ്രാം സ്വര്‍ണം കൂടി എത്തിച്ചു. അതിനുശേഷം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും സംഘവും വീണ്ടും സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സമീപിച്ചുവെന്നും ഉത്തരവില്‍ പറയുന്നു.
ശിവരൂപം ഉള്‍പ്പെടെ ഏഴ് പാളികളുമായാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിയത്. സ്വര്‍ണം പൂശിയ പാളികളില്‍ വീണ്ടും സ്വര്‍ണം പൂശുന്നതില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യം ഉണ്ടായിരുന്നില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശം അനുസരിച്ച് ചെമ്പുപാളികളില്‍ സ്വര്‍ണം പൂശി. 2019 ജൂണ്‍ 10-ന് ഗോവര്‍ദ്ധന്‍ 186.587 ഗ്രാം സ്വര്‍ണം കൂടി എത്തിച്ചുനല്‍കി. സ്മാര്‍ട്ട് ക്രിയേഷന്‍സ് 2019 ജൂണ്‍ 15-ന് നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി. അധിക സ്വര്‍ണം ഗോവര്‍ദ്ധന് തന്നെ സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരികെ നല്‍കി. 2019 ഓഗസ്റ്റില്‍ 14 സ്വര്‍ണം പൂശിയ ദ്വാരപാലക പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി എത്തിച്ചു. ഇതിലും സ്വര്‍ണം പൂശുന്നതില്‍ വൈദഗ്ധ്യമില്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് അറിയിച്ചു. 2019 സെപ്റ്റംബര്‍ നാലിന് പോറ്റി 14 ദ്വാരപാലക ശില്‍പ്പ പാളികള്‍ സന്നിദ്ധാനത്ത് തിരികെ എത്തിച്ചു. ഇതില്‍ ആകെ ഉപയോഗിച്ചത് 394.9 ഗ്രാം സ്വര്‍ണം മാത്രം. വാതില്‍പ്പാളികളില്‍ നിന്ന് 409 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ആകെ ഉരുക്കിമാറ്റിയത് 989 ഗ്രാം സ്വര്‍ണമെന്ന് ഹൈക്കോടതി പറയുന്നു.
109.243 ഗ്രാം സ്വര്‍ണം പണിക്കൂലിക്ക് പകരമായി സ്മാര്‍ട്ട് ക്രിയേഷന്‍സ് ഈടാക്കി. ബാക്കി 474.9 ഗ്രാം സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്‍കി. 2019 ഒക്ടോബര്‍ പത്തിന് അധികം വന്ന സ്വര്‍ണം കട്ടിയാക്കി കല്‍പേഷിന് നല്‍കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റി അധികാരപ്പെടുത്തിയ ആളാണ് കല്‍പ്പേഷ്. ബാക്കിവന്ന 474.9 ഗ്രാം സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് തിരികെ നല്‍കിയില്ല. തിരികെ എത്തിച്ച വസ്തുക്കള്‍ ചെമ്പുപാളികളെന്ന് രേഖപ്പെടുത്തി. നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്. പ്രഥമദൃഷ്ട്യാ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
Content Highlights: Sabarimala Gold issue: Devaswom Board officials committed serious lapses, says High Court