ആദ്യം തല്ലിയത് ഷാഫിയെയാണ്, പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്നും എംപിയാണെന്ന് അറിഞ്ഞിട്ടും മൂക്കിനും തലയ്ക്കും മുഖത്തും തല്ലിയെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു

ആദ്യം തല്ലിയത് ഷാഫിയെയാണ്, പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ്
dot image

കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്നും ഷാഫി പറമ്പില്‍ എംപിയെ നോക്കി അടിക്കുകയായിരുന്നെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. ആദ്യം തല്ലിയത് ഷാഫി പറമ്പിലിനെയാണെന്നും എംപിയാണെന്ന് അറിഞ്ഞിട്ടും മൂക്കിനും തലയ്ക്കും മുഖത്തും തല്ലിയെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. അതുകഴിഞ്ഞ് ടിയര്‍ ഗ്യാസ് പൊട്ടിച്ചെന്നും ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.

'പേരാമ്പ്ര സികെജി ഗവണ്‍മെന്റ് കോളേജില്‍ കുറേ കാലത്തിനുശേഷം ചില സീറ്റുകളില്‍ കെഎസ്‌യുവും എംഎസ്എഫും ജയിച്ചു. അതിന്റെ ആഹ്ലാദ പ്രകടനം അവര്‍ നടത്തി. ആ പ്രകടനത്തെ പൊലീസ് നോക്കിനില്‍ക്കെ സിപിഐഎമ്മുകാര്‍ ആക്രമിച്ചു. ആ ആഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞു. സിപിഐഎമ്മിന് ആക്രമിക്കാന്‍ പൊലീസ് കൂട്ടുനിന്നു. ഇന്നലെ കുറെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അതില്‍ പ്രതിഷേധിച്ച് ഇന്ന് പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താലായിരുന്നു. വൈകുന്നേരം സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു യുഡിഎഫ്. പ്രകടനം പേരാമ്പ്ര ടൗണിന്റെ ഹൃദയഭാഗത്തേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ല. ആയുധങ്ങളുമായി ഒരുഭാഗത്ത് സിപിഐഎമ്മുകാര്‍. മറുവശത്ത് തടയുന്ന പൊലീസുകാര്‍. വിവരമറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ പ്രകോപിതരായിരുന്നു. അവരെ ശാന്തരാക്കുകയാണ് എംപി ചെയ്തത്. അതിനിടെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നു. ഷാഫി പറമ്പില്‍ എംപിയെ നോക്കി അടിക്കുകയായിരുന്നു. എംപിയെ അറിയാത്ത ഒരാളും പേരാമ്പ്രയിലില്ല. ആദ്യം തന്നെ തല്ലിയത് ഷാഫിയെയാണ്. എംപിയാണ് എന്നറിഞ്ഞിട്ടും മൂക്കിന് തല്ലി, തലയ്ക്ക് തല്ലി, മുഖത്ത് തല്ലി. രക്തം വാര്‍ത്തു. അത് കഴിഞ്ഞ് ടിയര്‍ ഗ്യാസ് പൊട്ടിച്ചു. ആറ് ടിയര്‍ ഗ്യാസാണ് പൊട്ടിച്ചത്. ഒരാളുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. പേരാമ്പ്രയില്‍ നടന്നത് പൊലീസ് നരനായാട്ടാണ്. സിപിഎമ്മിന്റെ അക്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കുകയാണ്': പ്രവീണ്‍ കുമാര്‍ പറഞ്ഞു. നാളെ രാവിലെ ഒന്‍പതരയ്ക്ക് ഐജി ഓഫീസിന് മുന്നില്‍ യുഡിഎഫിന്റെ പ്രതിഷേധ സംഘമമുണ്ടാകുമെന്നും എംകെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ്, ലീഗ് പ്രകടനമുണ്ടാകുമെന്നും കോഴിക്കോട് ജില്ലയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്താണ് കോണ്‍ഗ്രസ് എന്നും ഷാഫി പറമ്പിലിന്റെയൊക്കെ ആറ്റിറ്റിയൂഡ്‌ എന്നും നാടിനെ ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍ എന്നാണ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പ്രതികരിച്ചത്. എന്തിനാണ് അവിടെ സംഘര്‍ഷമുണ്ടാക്കിയത് എന്നതിന് മറുപടി പറയാന്‍ എംപി ബാധ്യസ്ഥനാണെന്നും അദ്ദേഹം അത് പറയണമെന്നും വസീഫ് പറഞ്ഞു. ' ഒരു നാടിനെ കലാപത്തിലേക്കും അക്രമത്തിലേക്കും കൊണ്ടുപോകാന്‍ എംപി ശ്രമിച്ചു എന്നാണ് നാടാകെ പറയുന്നത്. അവിടെ സികെജി കോളേജില്‍ ചെയര്‍മാന്‍ സീറ്റ് മാത്രം ചെറിയ വോട്ടിന് യുഡിഎസ്എഫ് ജയിച്ചു. അതിന്റെ പേരില്‍ അവര്‍ അവിടെയാകെ അക്രമത്തിന് നേതൃത്വം കൊടുക്കുന്ന സാഹചര്യമുണ്ടായി. ഇവരെ സംബന്ധിച്ച്, അക്രമവും സംഘര്‍ഷവും സൃഷ്ടിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുക, വലിയ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്തുക. ഇതിനുമുന്‍പ് മഷിക്കുപ്പി പ്രയോഗം നടത്തിയവരാണ് കേരളത്തിലെ കെഎസ്‌യുക്കാര്‍. ഇത് എങ്ങനെയെന്ന് അന്വേഷിക്കണം. എംപിക്ക് എന്നല്ല ആര്‍ക്കും പരിക്ക് പറ്റരുത്. സ്വതന്ത്ര്യമായി ജീവിക്കാന്‍ സാഹചര്യമുണ്ടാകണം. സംഘര്‍ഷമുണ്ടാക്കരുത്. സംഘര്‍ഷത്തിന് അയവ് വരുത്താനും സംയമനത്തോടെ ഇടപെടാനും ബാധ്യസ്ഥനായ എംപി ഒരു പ്രദേശത്താകെ കലാപം സൃഷ്ടിക്കുന്നു എന്നതാണ്. അതിപ്പോ ആദ്യത്തെ സംഭവമല്ല. തുടര്‍ച്ചയായി സംഭവിക്കുകയാണ്': വി വസീഫ് പറഞ്ഞു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

Content Highlights: 'Shafi was the first to be beaten, police brutality took place in Perambra': Kozhikode DCC President

dot image
To advertise here,contact us
dot image