

മോഹൻലാലിനെ നായകനാക്കി നന്ദകിഷോർ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് വൃഷഭ. സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം ഗംഭീര പ്രതികരണമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ റീലീസ് തിയതിയും അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. നവംബർ 6 ന് ചിത്രം ആഗോളതലത്തിൽ റിലീസിന് എത്തും. ഇപ്പോഴിതാ സിനിമയുടെ സിനോപ്സിസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
രണ്ട് കാലഘട്ടങ്ങളിലായാണ് വൃഷഭയുടെ കഥ അരങ്ങേറുന്നത്. ആദ്യപകുതിയിൽ ആധുനിക കാലഘട്ടവും രണ്ടാം പകുതിയിൽ പീരിയോഡിക് കാലഘട്ടവുമാണ് കാണിക്കുന്നത്. ആദിദേവ് (മോഹൻലാൽ) ദേവനാഗരിയിലെ ഒരു ധനികനാണ്. ഒരു യോദ്ധാവ് കൂടിയാണ് ഇദ്ദേഹം. വജ്ര വ്യാപാരത്തിലൂടെ തന്റെ സമ്പത്ത് വളർത്താൻ ശ്രമിക്കുന്നു. ആദിദേവിന്റെ വളർച്ചയിൽ അസൂയപ്പെടുകയും ശത്രുത കാണിക്കുകയും ചെയുന്ന രണ്ട് വ്യക്തികളാണ് ദർപ്പൺ, ഗുണ. ശത്രുക്കൾ ആക്രമിക്കുന്നതും ചെറുക്കുന്നതുമാണ് കഥ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2025 ൽ ഹിറ്റുകൾ വാരിക്കൂട്ടുന്ന മോഹൻലാലിൻറെ അടുത്ത വിജയമാകുമോ വൃഷഭ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
സംവിധായകൻ നന്ദകിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
#Vrusshabha Synopsis:
— Southwood (@Southwoodoffl) October 10, 2025
Adidev (#Mohanlal) is a wealthy man in Devanagari. He is trying to build his wealth through the diamond trade. Darpan and Guna are two people who are jealous of Adidev's growth and look down on him. Tej Varma (#Samarjit) is the son of Adidev.
സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രത്തിൻ്റെ ഡബ്ബിംഗ് ജോലികളും പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം ഷനായ കപൂർ, സാറാ ഖാൻ, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി 'വൃഷഭ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.
Content Highlights: Vrishabha's synopsis under discussion