രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ, തന്നെ ഞങ്ങൾ ആണി അടിച്ചുതറയ്ക്കും; മുഖ്യമന്ത്രിക്കെതിരെ അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി

രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ, തന്നെ ഞങ്ങൾ ആണി അടിച്ചുതറയ്ക്കും; മുഖ്യമന്ത്രിക്കെതിരെ അലോഷ്യസ് സേവ്യർ
dot image

കോഴിക്കോട്: പേരാമ്പ്രയിലുണ്ടായ കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിയടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യര്‍. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് പിണറായി വിജയനെന്നും പിണറായി വിജയനെ ആണിയടിച്ച് തറയ്ക്കുമെന്നും അലോഷ്യസ് സേവ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി, രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ....!

തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും....!

പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘര്‍ഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടക്കം ഏഴ് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റിരുന്നു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

ഈ മര്‍ദ്ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കില്‍, ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ നിങ്ങള്‍ക്കുണ്ടാകുമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഷാഫി പ്രതികരിച്ചത്. എന്തിനെക്കൊണ്ട് വാര്‍ത്ത മറച്ചാലും സ്വര്‍ണം കട്ടവരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാര്‍ട്ടി ഓഫീസില്‍ നിന്നല്ല തരുന്നത് എന്ന ഓര്‍മ്മ വേണം. ഇപ്പോള്‍ ചെയ്ത പണിക്കുളള മറുപടി തങ്ങള്‍ നല്‍കുന്നതായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു.

Content Highlight; Congress- police Clash in Perambra, Kozhikode; Aloshious Xavier reacts

dot image
To advertise here,contact us
dot image