
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെട്ടേറ്റ ഡോ. പി ടി വിപിന്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ഡോ. വിപിനെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വിശ്രമത്തിന് നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ എട്ടിനായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ പിതാവ് സനൂപ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടർ വിപിനെ വടിവാള്‍ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയില്‍ എത്തി. ഇതിനിടെയാണ് ഡോക്ടര്‍ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടർ വിപിന് തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Content Highlight; Doctor Vipin Discharged After Kozhikode Stabbing Incident