മെസിപ്പടയ്ക്കായി തയാറെടുപ്പുകള്‍; തിരക്ക് നിയന്ത്രിക്കാന്‍ പ്ലാന്‍ തയാര്‍

പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും

മെസിപ്പടയ്ക്കായി തയാറെടുപ്പുകള്‍; തിരക്ക് നിയന്ത്രിക്കാന്‍ പ്ലാന്‍ തയാര്‍
dot image

കൊച്ചി: മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും. ഇതിനോടനുബന്ധിച്ച് മോക്ഡ്രില്ലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോളുകളാവും തയാറാക്കുക. മുന്‍കാല അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും പ്ലാന്‍. ബെംഗളൂരുവിലുണ്ടായ ഐപിഎല്‍ ദുരന്തവും കഴിഞ്ഞ ദിവസം കരൂരിലുണ്ടായ ദുരന്തവും കേരളത്തിന് മുന്നില്‍ ഉദാഹരണമായുണ്ട്.

കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങള്‍ക്കായി തയാറാക്കിയ ദുരന്ത നിവാരണ പ്ലാനും സര്‍ക്കാരിന്‌റെ കയ്യിലുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിന് പ്രത്യക പരിശീലനം നേടിയ സിവിൽ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാണെന്നതും സംസ്ഥാനത്തിന് ഗുണമാണ്. നിശ്ചിത സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്ന ആളുകള്‍ക്കപ്പുറം ആരെയും അനുവദിക്കില്ല എന്നുതുടങ്ങി കര്‍ശന നിയന്ത്രണങ്ങളാവും ഉണ്ടാവുക.

ദിവസങ്ങൾക്ക് മുൻ‌പാണ് അർജന്റീന ഫുട്ബോൾ‌ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ‌ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

Lionel Messi
മെസി

കൊച്ചി നേരത്തെ തന്നെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. ഐഎസ്എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് . മുമ്പ് അണ്ടർ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയർത്തിയത്. അതേസമയം സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നിശ്ചയിച്ച തീയതി അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂർണ സജ്ജമാക്കാനാണ് നീക്കം.

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

Content Highlights: kerala is preparing plan for the coming of tem argentina

dot image
To advertise here,contact us
dot image