ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റു, ആര്‍ക്കാണെന്ന് കടകംപള്ളി സുരേന്ദ്രന് അറിയാം: വി ഡി സതീശന്‍

പൊലീസിനെ വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും വി ഡി സതീശൻ പറഞ്ഞു

ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റു, ആര്‍ക്കാണെന്ന് കടകംപള്ളി സുരേന്ദ്രന് അറിയാം: വി ഡി സതീശന്‍
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റു. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും വി ഡി സതീശന്‍ കടന്നാക്രമിച്ചു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നത്. കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും വി ഡി സതീശന്‍ പറഞ്ഞു.

പൊലീസിനെ വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോട് അല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. യുഡിഎഫ് ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിനെതിരല്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് ഇത് വിറ്റത്. ഇനി കൊണ്ടുപോകാന്‍ അയ്യപ്പ വിഗ്രഹം മാത്രമാണ് ഉള്ളത്. അതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.

'വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നേക്കാതെ നടപടിയെടുക്കുന്ന രീതിയിലും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്', മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: V D Satheesan alleges Sabarimala dwarapalaka statue sold to a millionaire

dot image
To advertise here,contact us
dot image