
തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സുവര്‍ണ ക്ഷേത്രം മുഖ്യമന്ത്രിയുടെ പരിധിയിലായിരുന്നെങ്കില്‍ ചെമ്പ് ക്ഷേത്രമായേനെയെന്നാണ് പരിഹാസം. ഭരണസംവിധാനം കളവുകള്‍ പടച്ചുവിടുന്നുവെന്നും പദ്മകുമാറിന്റെ തലയില്‍ എല്ലാം കെട്ടിവെയ്ക്കാനാണ് ദേവസ്വം വകുപ്പ് പ്രസിഡന്റ് പ്രശാന്തിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
'പ്രശാന്ത് ഇതിന് ഒത്താശ ചെയ്തുനല്‍കി. അഴിമതിക്ക് പിന്നില്‍ പദ്മകുമാര്‍ മാത്രമായിരുന്നെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. ഇന്ന് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാണ് പദ്മകുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും സിപിഐഎമ്മും തമ്മില്‍ എന്താണ് ബന്ധം. അയ്യപ്പനെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ അയ്യപ്പന്‍ എട്ടിന്റെ പണി കൊടുത്തു', ഷിബു ബേബി ജോണ്‍ പറഞ്ഞു.
അതേസമയം വിവാദത്തില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രതികരിച്ചു. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്. കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വിഷയത്തില്‍ ഗൗരവമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഒരുകുറ്റവാളികളെയും സംരക്ഷിക്കാന്‍ നിന്നിട്ടില്ല. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്', മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
Content Highlights: Shibu Baby John against CM Pinarayi Vijayan on Sabarimala Contoversies