വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കൈമലർത്തി കേന്ദ്ര സർക്കാർ; വായ്പകൾ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം

ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ

വയനാട് ദുരന്തബാധിതർക്ക് മുന്നിൽ കൈമലർത്തി കേന്ദ്ര സർക്കാർ; വായ്പകൾ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം
dot image

കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ കേന്ദ്ര സർക്കാർ എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വായ്പ എഴുതിത്തള്ളൽ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര ധനകാര്യമന്ത്രാലയം നയ- നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡാണ്. ബാങ്കുകൾ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളിൽ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും ബാങ്കുകൾക്ക് നിർദ്ദേശം നൽകാൻ വ്യവസ്ഥയില്ലെന്നും കേന്ദ്രം അറിയിച്ചു.

മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് വായ്പ എഴുതിതള്ളുന്നതിന് അടക്കം സാഹചര്യമുണ്ടെന്നും കേരള ബാങ്ക് വായ്പ പൂർണമായും എഴുതി തള്ളിയതായും മറ്റ് ബാങ്കുകൾക്ക് ഈ മാതൃക സ്വീകരിക്കാനാകില്ലേ എന്നും ഹൈക്കോടതി ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പ പുനഃക്രമീകരണം നടത്താൻ മാത്രമോ സാധിക്കുവെന്നുമാണ് കേന്ദ്രം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻറെ ഈ നിലപാടിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്നാണ് മുഖ്യമന്ത്രിയടക്കം പങ്കെടുത്ത എൽബിസി യോഗം തീരുമാനിച്ചതെന്നും സംസ്ഥാന സർക്കാർ രേഖകൾ സഹിതം കോടതിയെ അറിയിച്ചിരുന്നു.

ദേശിയ ദുരന്ത നിവാരണ നിയമത്തിലെ 13ാം വകുപ്പ് അനുസരിച്ച് വായ്പ എഴുതിത്തള്ളാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം ഇപ്പോഴും തുടരുന്നത്. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതിയുടെ പരിധിയിൽ വരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.

Content Highlights: the central government will not waive off the bank loans of the Mundakkai-Chooralmala disaster victims

dot image
To advertise here,contact us
dot image