
കാസര്‍കോട്: കുമ്പളയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കലോത്സവ കമ്മിറ്റി. മൈം അവതരിപ്പിച്ചതില്‍ മാനുവല്‍ ലംഘനമുണ്ടായിട്ടില്ലെന്നാണ് കലോത്സവ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍. മൈമിന് ഏത് വിഷയം തെരഞ്ഞെടുക്കണം എന്നത് സംബന്ധിച്ച് മാനുവലില്‍ സൂചിപ്പിക്കുന്നില്ലെന്നും കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് അറിയിക്കണം, അല്ലാതെ വേദിയില്‍ പരിപാടി നടക്കുമ്പോള്‍ തടസപ്പെടുത്തുകയല്ല വേണ്ടത് എന്നാണ് കലോത്സവ കമ്മിറ്റി പറയുന്നത്. സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് കലോത്സവ കമ്മിറ്റിയുടെ വിലയിരുത്തല്‍. കമ്മിറ്റിയുടെ നിരീക്ഷണം ഉടന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കും.
കഴിഞ്ഞ ദിവസം കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചത്. അതിന്റെ പേരിൽ സ്കൂളിലെ കലോത്സവം നിർത്തിവയ്ക്കുകയും ചെയ്തു. മൈം അവസാനിക്കുന്നതിന് മുൻപേ തന്നെ ചില അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ വേദിക്ക് പുറത്ത് പലസ്തീൻ പതാകകളുയർത്തി വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളൾ വിളിച്ചു. പരിപാടി നിർത്തിവയ്പ്പിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
അധ്യാപകരില്‍ ഒരാള്‍ സിപിഐയുടെ എകെഎസ്ടിയു സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘപരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശീയ അധ്യാപക പരിഷത്ത് അംഗവുമാണ്. കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നായിരുന്നു അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതില്‍ അധികം പേര്‍ സ്റ്റേജില്‍ കയറിയെന്നുമായിരുന്നു ഇവരുടെ വിശദീകരണം. പ്രശ്നത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്‍ തടസപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും.
അതേസമയം, കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകർ പരിപാടി തടഞ്ഞു. 'ഫ്രീ പലസ്തീന്‍' ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്എഫ് പരാതി നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്എസ്എസിലെ അധ്യാപകർക്കെതിരെയാണ് എംഎസ്എഫ് പരാതി നല്‍കിയത്. ഒഴാഴ്ച മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കോല്‍ക്കളി സംഘം വേദിയിലെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയ ഉടന്‍ അധ്യാപകർ വേദിയില്‍ കയറി കര്‍ട്ടന്‍ ഇട്ടുവെന്നാണ് പരാതി. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
Content Highlights: Palestine Solidarity Mime in Kumbala: no manual violation, says Kalolsava Committee