കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട്, നിയമനടപടിയുമായി പോകുമെന്ന് കുടുംബം

ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി അന്വേഷിക്കാം എന്ന ഉറപ്പുമാത്രമാണ് അവര്‍ നല്‍കിയതെന്നും പ്രസീത വ്യക്തമാക്കി

കുട്ടിയുടെ കൈമുറിച്ച് മാറ്റിയ സംഭവം: ചികിത്സാപ്പിഴവില്ലെന്ന് റിപ്പോർട്ട്, നിയമനടപടിയുമായി പോകുമെന്ന് കുടുംബം
dot image

പാലക്കാട്: പാലക്കാട് കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ നിയമ നടപടിയുമായി ഏതറ്റം വരെയും പോകുമെന്ന് കുട്ടിയുടെ അമ്മ പ്രസീത. ഈ ഗതി ഒരു കുട്ടിക്കും ഇനി വരരുതെന്നും മകളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും പ്രസീത പറഞ്ഞു. ആശുപത്രി നല്‍കിയ റിപ്പോര്‍ട്ട് ആരെയൊക്കെയോ സംരക്ഷിക്കാനാണെന്നും ആ റിപ്പോര്‍ട്ട് പൂര്‍ണമായും തളളിക്കളയുന്നുവെന്നും പ്രസീത ആരോപിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി അന്വേഷിക്കാം എന്ന ഉറപ്പുമാത്രമാണ് അവര്‍ നല്‍കിയതെന്നും പ്രസീത വ്യക്തമാക്കി.

കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഇപ്പോള്‍ പുറത്തുവന്നത് അവസാനത്തെ റിപ്പോര്‍ട്ടല്ലെന്ന് കെ ബാബു എംഎല്‍എ വ്യക്തമാക്കി. പിഴവുണ്ടെങ്കില്‍ അത് പുറത്തുവരണമെന്നും കുട്ടിയുടെ തുടര്‍ ചികിത്സ ആരോഗ്യ വകുപ്പ് ഏറ്റെടുക്കുമെന്നും എംഎല്‍എ പറഞ്ഞു. സാമ്പത്തിക സഹായത്തിനായി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയെന്നും ആവശ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരെ പൂര്‍ണമായും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ജില്ലാ ആശുപത്രിയില്‍ കുട്ടിക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നുവെന്നും സെപ്റ്റംബര്‍ മുപ്പതിന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ രക്തയോട്ടം നിലച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാസ്റ്ററിട്ടതില്‍ പിഴവില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടും ഡിഎംഒയും പറഞ്ഞത്.

'മുറിവില്‍ മരുന്ന് വച്ചതായി രേഖയുണ്ട്. പ്ലാസ്റ്റര്‍ സ്ലാബ് മാത്രമാണ് ഇട്ടത്. മുഴുവനായി പ്ലാസ്റ്റര്‍ ഇട്ടിട്ടില്ല. തുടര്‍ റിവ്യൂവും ചെയ്തിട്ടുണ്ട്. മുപ്പതാം തിയതിയാണ് വേദനയുമായി വന്നത്. പ്ലാസ്റ്ററിട്ട ഭാഗത്ത് വേദനയോ നീരോ തരിപ്പോ ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. നാല് ദിവസം കുട്ടി വീട്ടിലായിരുന്നു. ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റുകള്‍ തന്നെയാണ് കുട്ടിയെ പരിശോധിച്ചത്. രക്തയോട്ടം നിലച്ചതായി കണ്ടതുകൊണ്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. ഇത്ര കാലത്തിനിടയ്ക്ക് ഒരു പരാതിയും വന്നിട്ടില്ല. അപൂര്‍വമായി സംഭവിക്കുന്ന പ്രശ്‌നമാണ് കുട്ടിക്ക് സംഭവിച്ചത്. പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. പ്ലാസ്റ്റര്‍ ഇട്ട് കഴിഞ്ഞ് രക്തയോട്ടം ഉണ്ടെന്നും നീരില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്.': എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടൻ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.

Content Highlights: Will take legal action against doctors says mother of child who was victim of medical negligence

dot image
To advertise here,contact us
dot image