പ്രധാന റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഒഴിവാക്കണം; നിയമം കൂടുതൽ കർശനമാക്കാൻ ബഹ്റൈൻ

പ്രധാന റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് മറ്റു യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

പ്രധാന റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഒഴിവാക്കണം; നിയമം കൂടുതൽ കർശനമാക്കാൻ ബഹ്റൈൻ
dot image

ബഹ്റൈനിലെ പ്രധാന റോഡുകളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നു. നിയമം ലംഘിക്കുന്നവരുടെ സ്‌കൂട്ടര്‍ പിടിച്ചെടുക്കുമെന്ന് ട്രാഫിക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സുരക്ഷിതമായ റോഡ് അന്തരീക്ഷത്തിനായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ട്രാഫിക് മന്ത്രാലയം ആവശ്യപ്പെട്ടു.

ബഹ്‌റൈനിലെ പ്രധാന റോഡുകളില്‍ ഇലക്ടിക് സ്‌കൂട്ടറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും അത് ലംഘിച്ച് വാഹനം ഓടിക്കുന്നതായാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഈ സ്‌കൂട്ടര്‍ യാത്രക്കാര്‍ക്കെതിരായ നടപടി ട്രാഫിക് മന്ത്രാലയം കൂടുതല്‍ ശക്തമാക്കുന്നത്. പ്രധാന റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നത് മറ്റു യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഗുരുതരമായ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

അപകടങ്ങള്‍ക്കും ജീവഹാനിക്കും വരെ ഇത് കാരണമാകുന്നുണ്ട്. ഇ സ്‌കൂട്ടറുകള്‍ ഓടിക്കുന്നവര്‍ക്ക് ദിശ സംബന്ധിച്ച് കൃത്യമായ വ്യക്തത ഇല്ലാത്തതും പ്രതിസന്ധിയാണ്. നിയമം ലംഘിച്ച് പൊതുനിരത്തിലൂടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചാല്‍ പിടിച്ചെടുക്കുമെന്നും അത്തരക്കാര്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നും ട്രാഫിക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ നിയമ വിരുദ്ധമായി നിരത്തുകളില്‍ ഇറങ്ങിയ നിരവധി ഇലക്ടിക് സ്‌കൂട്ടറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഗതാഗത മന്ത്രാലയം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നിയമലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കിയതെന്ന് ട്രാഫിക് മന്ത്രാലയം വ്യക്തമാക്കി.

വീടുകളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ് താമസക്കാര്‍ ഉപയോഗിക്കുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കായും വിവിധ സാധനങ്ങളുടെ ഡെലിവറിക്കായും ഇത്തരം ഇ-സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ യാത്രക്കാരും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രാഫിക് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: Bahrain tightens ban on electric scooters on major roads

dot image
To advertise here,contact us
dot image