ശബരിമല സ്വർണപ്പാളി തട്ടിപ്പ്; സിബിഐ അന്വേഷണം വേണം, ദേവസ്വം ബോർഡ് സംവിധാനം ഉടച്ചുവാർക്കണം: വെള്ളാപ്പള്ളി നടേശൻ

ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നും വെള്ളാപ്പള്ളി നടേശന്‍

ശബരിമല സ്വർണപ്പാളി തട്ടിപ്പ്; സിബിഐ അന്വേഷണം വേണം, ദേവസ്വം ബോർഡ് സംവിധാനം ഉടച്ചുവാർക്കണം: വെള്ളാപ്പള്ളി നടേശൻ
dot image

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം ബോര്‍ഡ് സംവിധാനം അടിമുടി ഉടച്ചുവാര്‍ക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സംവിധാനം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഒരാള്‍ക്ക് മാത്രമായി തട്ടിപ്പ് നടത്താന്‍ കഴിയില്ല. പിന്നില്‍ ഗൂഢസംഘമുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ഇടം നല്‍കുന്ന സ്ഥലമായി ദേവസ്വം ബോര്‍ഡ് മാറരുത്. തട്ടിപ്പുകള്‍ കണ്ടെത്തിയത് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് എന്ന് ഓര്‍ക്കണം. വരുമാനമുള്ള ദേവസ്വം ബോര്‍ഡുകളുടെ വിഹിതം വരുമാനം കുറഞ്ഞ ബോര്‍ഡുകളിലേക്ക് നല്‍കണം', എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും രംഗത്തെത്തി. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ല. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനുമാപ്പു നല്‍കില്ല. അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നത്. ഭക്തജനങ്ങളെ സംബന്ധിച്ച് വൈകാരികമായുള്ള ബന്ധമാണ് ശബരിമല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ചോദ്യം ചെയ്യലിനായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. ഇന്നലെ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.

Content Highlights: Vellappally Natesan about Sabarimala controversy

dot image
To advertise here,contact us
dot image