
ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. 'ലാൽസലാം' എന്ന് പേരിട്ടതിന് പിന്നില്‍ ആ പാർട്ടിയുടെ തത്ത്വങ്ങളുമായി ചേർത്തു കൊണ്ടുപോകാൻ സാധിക്കും എന്ന അതിബുദ്ധിയാണെന്നാണ് വിമർശനം. ഒരു പരിപാടി പ്ലാൻ ചെയ്യുമ്പോഴും പേരിടുമ്പോഴും അത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽ വന്ന കാലം തൊട്ടാണ് ഇന്ത്യയിലെ സാംസ്കാരിക കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിച്ചതെന്നും ജയൻ ചേർത്തല ചൂണ്ടിക്കാട്ടി.
കേരളത്തിലെ എൽഡിഎഫ് സർക്കാർ എവിടെ പരിപാടി സംഘടിപ്പിച്ചാലും ഏറ്റവും കൂടുതൽ സ്റ്റേജിൽ കാണുന്നത് സിനിമാ നടന്മാരെയാണെന്നും ജയന്‍ ചേർത്തല പറഞ്ഞു. കേന്ദ്ര സർക്കാരും ഇതുതന്നെയാണ് ചെയ്യുന്നത്. ഇവർ അനുഷ്ഠിച്ചു വരുന്ന ഒരു രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. മുൻകാലങ്ങളിൽ ഒന്നും കലയെയോ കലാകാരന്മാരെയോ ചേർത്തുവയ്ക്കുന്ന പ്രസ്ഥാനങ്ങൾ ഇത്ര ശക്തിയായി ഇത് ചെയ്തിരുന്നില്ലെന്നും ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനും ശേഷമാണ് ഈ മാറ്റമെന്നും ജയന്‍ ചേർത്തല കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ്, ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാര ജേതാവ് മോഹന്‍ലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത്. ഫാല്‍ക്കെ ഇന്ത്യൻ ചലച്ചിത്ര കലയുടെ ആചാര്യൻ ആണെങ്കിൽ മോഹൻലാൽ ഇന്ത്യൻ ചലച്ചിത്രാഭിനയത്തിന്റെ അധിപൻ ആണെന്നാണ് പിണറായി വിജയൻ മോഹൻലാലിനെ വിശേഷിപ്പിച്ചത്. മോഹൻലാലിന്റെ അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ മോഹൻലാലിനെ വരവേറ്റത്. തുടർന്ന് പരിപാടിക്ക് നന്ദി അറിയിച്ച് മോഹൻലാൽ പോസ്റ്റുമായി എത്തി. 'ഇത്തരം നിമിഷങ്ങൾ എന്റെ ഉള്ളിൽ വലിയ കൃതഞ്ജതയാണ് നിറക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചതിന് ആശംസകളുമായി നടന്ന പരിപാടിയിൽ കേരള സർക്കാർ നൽകിയ ഊഷ്മളമായ ആദരത്തിന് നന്ദി. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാ വിശിഷ്ട വ്യക്തിത്വങ്ങളോടും ഞാൻ നന്ദി പറയുന്നു. അതിനെല്ലാം ഉപരി ഈ മനോഹര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനായി ഇവിടെ എത്തിച്ചേർന്ന ഓരോരുത്തരോടും പറയട്ടെ, നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും പിന്തുണയും അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം,' മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Content Highlights: Jayan Cherthala against Lal Salam title