ത്രില്ലര്‍ പോരാട്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തി; ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ

വിദർഭയുടെ മൂന്നാം ഇറാനി കപ്പാണിത്

ത്രില്ലര്‍ പോരാട്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തി; ഇറാനി കപ്പില്‍ മുത്തമിട്ട് വിദര്‍ഭ
dot image

ഇറാനി കപ്പിൽ വിദർഭ ചാമ്പ്യന്മാർ. റെസ്റ്റ് ഓഫ് ഇന്ത്യയെ 93 റണ്‍സിന് വീഴ്ത്തിയാണ് വിദര്‍ഭ കിരീടത്തിൽ മുത്തമിട്ടത്. വിദർഭയുടെ മൂന്നാം ഇറാനി കപ്പാണിത്.

360 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി യാഷ് ദുള്ളും മാനവ് സുതാറും അര്‍ധ സെഞ്ച്വറികൾ നേടി പൊരുതിയെങ്കിലും അവസാന ദിനം രണ്ടാം സെഷനില്‍ 267 റണ്‍സിന് പുറത്തായി. 92 റണ്‍സെടുത്ത യാഷ് ദുള്ളാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ടോപ് സ്കോറർ. മാനവ് സുതാര്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. വിദര്‍ഭക്ക് വേണ്ടി ഹര്‍ഷ് ദുബെ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ആദിത്യ താക്കറെയും യാഷ് താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ 342 റണ്‍സ് എടുത്ത വിദര്‍ഭ റെസ്റ്റ് ഓഫ് ഇന്ത്യയുടെ പോരാട്ടം 214 റണ്‍സില്‍ അവസാനിപ്പിച്ച് 128 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 232 റണ്‍സില്‍ പുറത്തായെങ്കിലും മികച്ച വിജയലക്ഷ്യം മുന്നില്‍ വയ്ക്കാന്‍ വിദര്‍ഭയ്ക്ക് സാധിച്ചു.

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റെസ്റ്റ് ഓഫ് ഇന്ത്യക്കായി യാഷ് ദുൾ മികച്ച പ്രകടനം പുറത്തെടുത്തു. 92 റണ്‍സെടുത്ത യാഷ് ദുള്ളും വാലറ്റത്ത് പൊരുതി നിന്ന് അർധ സെഞ്ച്വറി കണ്ടെത്തിയ മാനവ് സുതാറും റെസ്റ്റ് ഓഫ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചു. ഇഷാന്‍ കിഷന്‍ 35 റണ്‍സെടുത്തു. സര്‍നേഷ് ജയ്‌നാണ് തിളങ്ങിയ മറ്റൊരാള്‍. താരം 29 റണ്‍സ് കണ്ടെത്തി.

ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ (143) സെഞ്ച്വറി നേടിയിരുന്നു. യഷ് റാത്തോഡും തിളങ്ങി. ഒൻപത് റൺസകലെ യഷിന് സെഞ്ച്വറി നഷ്ടമായി. റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ മാനവ് സുതര്‍, ആകാശ് ദീപ് എന്നിവര്‍ 3 വീതം വിക്കറ്റുകളെടുത്തു. സര്‍നേഷ് ജയ്ന്‍ രണ്ട് വിക്കറ്റെടുത്തു. ഗുര്‍ണൂര്‍ ബ്രാര്‍, അന്‍ഷുല്‍ കാംബോജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പടിദാര്‍ (66), അഭിമന്യു ഈശ്വരന്‍ (52) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും തിളങ്ങാനായില്ല. വിദര്‍ഭയ്ക്ക് വേണ്ടി യാഷ് താക്കൂര്‍ 4 വിക്കറ്റുകൾ വീഴ്ത്തി. പാര്‍ഥ് രേഖഡെ, ഹര്‍ഷ് ദുബെ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ആദിത്യ താക്കറെ, ദര്‍ശന്‍ നാല്‍കണ്ടെ എന്നിവര്‍ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് വേണ്ടി ആരും അര്‍ധ സെഞ്ച്വറിയിലെത്തിയില്ല. അമന്‍ മോഖഡെ (37) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍ (36), ദര്‍ശന്‍ നാല്‍കണ്ടെ (35), ധ്രുവ് ഷോരി (27), ഹര്‍ഷ് ദുബെ (29) എന്നിവരാണ് പിടിച്ചു നിന്നത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ അന്‍ഷുല്‍ കാംബോജ് 4 വിക്കറ്റെടുത്തു. മാനവ് സുതര്‍, ഗുര്‍ണൂര്‍ ബ്രാര്‍, സര്‍നേഷ് ജയ്ന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

Content Highlights: Vidarbha wins Irani Cup title, beats Rest of India by 93 runs

dot image
To advertise here,contact us
dot image