സ്വര്‍ണപ്പാളി വിവാദം; കേന്ദ്ര അന്വേഷണം വേണം, കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല: യുഡിഎഫ്

'സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ'

സ്വര്‍ണപ്പാളി വിവാദം; കേന്ദ്ര അന്വേഷണം വേണം, കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല: യുഡിഎഫ്
dot image

കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. സിബിഐയെ ഏല്‍പ്പിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ. ഇവിടെനിന്ന് അന്വേഷിച്ചാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് പുറത്തുവരില്ല. അങ്ങനെയെങ്കില്‍ അയ്യപ്പന്‍ അതിനു മാപ്പു നല്‍കില്ല. അതുകൊണ്ടാണല്ലോ അയ്യപ്പ സംഗമം നടത്തിയപ്പോള്‍ ഇങ്ങനെ ഒരു വിഷയം പൊന്തിവന്നത്. ഭക്തജനങ്ങളെ സംബന്ധിച്ച് വൈകാരികമായുള്ള ബന്ധമാണ് ശബരിമല. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചുപോകുന്ന എല്ലാവരുമായി ഒന്നിച്ചു ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. എന്‍എസ്എസുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. കേരളത്തിലെ ആരോഗ്യ രംഗം തകര്‍ന്നതിന്റെ തെളിവാണ് പാലക്കാട്ടെ കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് ചോദ്യം ചെയ്യലുണ്ടാകും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും വിജിലൻസ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദിച്ചറിയും. ഇന്നലെ നൽകിയ മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.

തനിക്കെതിരായ ആരോപണങ്ങളെ പാടേ തള്ളിയാണ് ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വിജിലൻസിന് മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം പിരിച്ചിട്ടില്ലെന്നും സ്വർണം പൂശാനുള്ള ചെലവ് വഹിച്ചത് താനടക്കം മൂന്ന് പേരാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. അറ്റകുറ്റപണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ചെന്നൈയിലെത്തിക്കാൻ വൈകിയത് സാങ്കേതിക തടസങ്ങളാലാണെന്നായിരുന്നു പോറ്റിയുടെ ന്യായീകരണം. സഹായിയായ വാസുദേവൻ കള്ളം പറഞ്ഞതാണെന്നും പോറ്റി മൊഴി നൽകിയിരുന്നു.

സ്വർണം പൂശാൻ തന്ന പീഠം യോജിക്കാതെ വന്നപ്പോൾ വാസുദേവന് കൈമാറുകയായിരുന്നു. ഇത് പിന്നീട് സന്നിധാനത്തേക്ക് കൈമാറി എന്നാണ് വാസുദേവൻ തന്നോട് പറഞ്ഞത്. വിവാദമായ ശേഷമാണ് തനിക്ക് പീഠം കൈമാറിയത്. കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് പാളികൾ കൈപ്പറ്റിയതെന്നും പോറ്റി ദേവസ്വം വിജിലൻസിനോട് പറഞ്ഞു. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും പോറ്റി കൂടുതൽ വിശദീകരണം നൽകിയിരുന്നു. നടത്തിയത് പ്രാർത്ഥനകളും പൂജകളും മാത്രമാണെന്നും പാളികൾ ഉപയോഗിച്ചുകൊണ്ട് പണപ്പിരിവ് നടത്തിയിട്ടില്ല. പൂജകൾ പോലും നടത്തിയത് സ്വന്തം ചിലവിലായിരുന്നെന്നും അദ്ദേഹം നൽകിയ മൊഴിയിലുണ്ട്.

പാളികൾ കൈമാറിയപ്പോൾ എന്ന് ചെന്നൈയിൽ എത്തിക്കണമെന്ന് പറഞ്ഞിട്ടില്ല. തിരികെ ഏൽപ്പിക്കണമെന്ന് പറഞ്ഞ സമയത്തിനുള്ളിൽ നൽകി. ചെമ്പ് പാളികൾക്ക് കൊടുക്കേണ്ട പ്രാധാന്യം മാത്രമേ താൻ കൊടുത്തിട്ടുള്ളൂവെന്നും പോറ്റി വിജിലൻസിനോട് പറഞ്ഞിട്ടുണ്ട്. സ്വർണപ്പാളി കൈമാറിയതും സ്ഥാപിച്ചതും സംബന്ധിച്ച രേഖകളും ദേവസ്വം വിജിലൻസിന് പോറ്റി കൈമാറിയിട്ടുണ്ട്.

പോറ്റിയുടെ സഹായികളായ വാസുദേവൻ, അനന്ത സുബ്രമണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ദേവസ്വം.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വഴിവിട്ട സഹായമാണ് തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിൽനിന്നും ലഭിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. അന്വേഷണം തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കുകയാണ് ദേവസ്വം വിജിലൻസ്.

Content Highlights:adoor prakash wants cbi investigation sabarimala gold controversy

dot image
To advertise here,contact us
dot image