ഭക്തരിൽനിന്നും ദേവസ്വം ഉദ്യോഗസ്ഥർ പണം തട്ടുന്നു, നടക്കുന്നത് നല്ല കാര്യങ്ങളേക്കാൾ കെട്ടകാര്യം; വെള്ളാപ്പള്ളി

ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഭക്തരിൽനിന്നും ദേവസ്വം ഉദ്യോഗസ്ഥർ പണം തട്ടുന്നു, നടക്കുന്നത് നല്ല കാര്യങ്ങളേക്കാൾ കെട്ടകാര്യം; വെള്ളാപ്പള്ളി
dot image

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമ്പന്നരായ ഭക്തരിൽ നിന്ന് പണം തട്ടുന്ന ദേവസ്വം ജീവനക്കാരുടെ ഗൂഢസംഘം ശബരിമലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

എസ്എൻഡിപി മുഖപത്രമായ യോഗനാദം മാസികയുടെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. സ്വയംഭരണാവകാശമുള്ള ദേവസ്വം ബോർഡുകളിൽ സ്വയംഭരണം പേരിന് മാത്രമാണ്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി കോടികളുടെ തട്ടിപ്പുകളാണ് നടത്തുന്നത്. മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ നടക്കുന്നത് കെട്ടകാര്യങ്ങളാണെന്നും അതിന്‍റെ പഴി സർക്കാറുകൾ ഏറ്റെടുക്കേണ്ടി വരുന്നതായും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കില്ല, ഓഡിറ്റിംഗില്ല. കോടികൾ വിലമതിക്കുന്ന സ്വർണവും അമൂല്യരത്‌നങ്ങളും കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയില്ല. ഭക്തർ സമർപ്പിക്കുന്ന സ്വർണം ദേവസ്വത്തിന് കിട്ടിയാലായെന്നും വെള്ളാപ്പള്ളി പറയുന്നു. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.


സ്വർണം പൂശൽ ജോലികൾ സന്നിധാനത്ത് വെച്ച് തന്നെ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. ദേവസ്വം കേസുകൾ ഒന്നും കോടതികളിൽ കൃത്യമായി നടക്കുന്നില്ല. ഒത്തുകളിയിലൂടെ കേസുകൾ തോൽക്കുന്നതാണ് പതിവ്. കോടികളുടെ ഭൂമിതട്ടിപ്പാണ് എല്ലാ ദേവസ്വങ്ങളിലും നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പേരിൽ വിദേശത്ത് നടക്കുന്നത് കോടികളുടെ വ്യാജപിരിവുകളാണ്. കള്ളന്മാരായ ഉദ്യോഗസ്ഥരാണ് ഇതിന്റെയെല്ലാം ആണിക്കല്ലുകൾ. സത്യസന്ധർക്ക് ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണ്. ഈ വിഴുപ്പ് ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Content Highlights: Vellapally Natesan against Travancore Devaswom Board

dot image
To advertise here,contact us
dot image