
ആലപ്പുഴ: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സ്വർണ്ണപാളി കാണാതായ സംഭവം ലാഘവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും വകുപ്പ് മന്ത്രിയും രാജി വെക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്വത്തുക്കൾ സംരക്ഷിക്കാൻ സർക്കാരിനെ കൊണ്ട് കഴിയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനം പ്രതിഷേധാർഹമാണ്. അയ്യപ്പഭക്തരുടെ മനസിൽ തീ വാരിയിടുന്ന സമീപനമാണിത്. വിഷയത്തിൽ കൃത്യമായ അന്വേഷണം പോലും നടത്താൻ സാധിച്ചിട്ടില്ലെന്നും എം ടി രമേശ് ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണപാളി നഷ്ടപ്പെട്ടത് യാദൃശ്ചികമല്ല. പിന്നിൽ റാക്കറ്റ് ഉണ്ട്. അവർക്ക് സർക്കാരും സിപിഐഎമ്മുമായും ബന്ധമുണ്ട്. പ്രാഥമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവെക്കണം. നാളെ വിഗ്രഹം ആരെങ്കിലും അടിച്ചുകൊണ്ടുപോയാൽ ആര് സമാധാനം പറയുമെന്നും എം ടി രമേശ് ചോദിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപെടലുകൾ ദുരൂഹമാണ്. പ്രശ്‌നം നടക്കുന്ന സമയത്ത് ചുമതലയുണ്ടായിരുന്ന ദേവസ്വം ബോർഡ് മന്ത്രിയ്ക്കും ദേവസ്വം ബോർഡ് പ്രസിഡന്റിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണം. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനുമെതിരെ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ശബരിമലയിലേത് സർക്കാർ സ്വത്തല്ല. കാണിക്കയായി ഭക്തർ സമർപ്പിക്കുന്നതാണ്. അത് സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിഷയം കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കണം. പ്രതിക്കൂട്ടിൽ ദേവസ്വം ബോർഡ് അംഗങ്ങൾ ഉള്ളപ്പോൾ ബോർഡിന് അന്വേഷിക്കുന്നതിന് പരിമിതികളുണ്ടെന്നും എം ടി രമേശ് പറഞ്ഞു.
Content Highlights: sabarimala gold plate controversy bjp leader MT Ramesh against government