ഒന്‍പതുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

സംഭവത്തിൽ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നൽകിയിട്ടുണ്ട്

ഒന്‍പതുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി
dot image

പാലക്കാട്: ഒന്‍പത് വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. നേരത്തെ സംഭവത്തില്‍ പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ച്ച സംഭവിച്ചോ മറ്റ് നടപടികളുണ്ടാകുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഒന്‍പത് വയസുകാരിയുടെ വലതുകൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി.

പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടൻ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്.

Content Highlights: Health Minister orders investigation into nine-year-old girl's right hand amputated medical negligence

dot image
To advertise here,contact us
dot image