
തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തക്ക് കേന്ദ്ര നിയമനത്തിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനകം യോഗേഷ് ഗുപ്തക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
വിജിലൻസ് ക്ലിയറൻസ് സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യോഗേഷ് ഗുപ്ത നൽകിയ പരാതിയിലാണ് നടപടി. കേരളം വിട്ട് കേന്ദ്ര സർക്കാരിന് കീഴിലുള്ള പദവിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവരോട് യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ അംഗീകരിച്ചിരുന്നില്ല. സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാൽ കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവെയ്ക്കുകയായിരുന്നു.
സംസ്ഥാന സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ചത് ഏഴ് സ്ഥലംമാറ്റമാണ്. 2022 ൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് കേരളത്തിലെത്തിയ യോഗേഷിന് ബിവറേജസ് കോർപറേഷൻ എം ഡി ആയിട്ടാണ് ആദ്യം നിയമനം ലഭിച്ചത്. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡീഷനൽ ഡയറക്ടർ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടർ, സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി, ബിവറേജസ് കോർപറേഷൻ എം ഡി, വിജിലൻസ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കാണ് പിന്നീട് മാറ്റം ലഭിച്ചത്.
Content Highlight : Tribunal orders Yogesh Gupta to be given a clearance certificate