വയനാട്ടിൽ CPIM നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് കുടുങ്ങി; ജീവനൊടുക്കുമെന്ന ഭീഷണിയുമായി നിക്ഷേപകൻ

പണം നിക്ഷേപിച്ച വീട്ടമ്മ ഇപ്പോള്‍ ജപ്തി ഭീഷണയിലാണ്

വയനാട്ടിൽ CPIM നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് കുടുങ്ങി; ജീവനൊടുക്കുമെന്ന ഭീഷണിയുമായി നിക്ഷേപകൻ
dot image

കല്‍പ്പറ്റ: വയനാട്ടില്‍ സിപിഐഎം നേതൃത്വത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ പ്രതിസന്ധിയില്‍. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 600ലധികം പേരാണ് ഇവിടെ നിക്ഷേപം നടത്തിയത്. 14 ലക്ഷം രൂപയാണ് കല്‍പ്പറ്റ സ്വദേശിയും സിപിഐഎം പ്രവർത്തകനുമായ നൗഷാദിന് ലഭിക്കാനുള്ളത്. ബ്രാഞ്ച് തലം മുതല്‍ മുഖ്യമന്ത്രിക്ക് വരെ കത്തയച്ചിട്ടുണ്ടെന്നും സ്ഥാപനം തുറന്നതിന് ശേഷം തീരുമാനമുണ്ടാക്കാമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും നൗഷാദ് പറഞ്ഞു.

നിരവധി നിക്ഷേപകര്‍ പണത്തിനായി പരാതി നല്‍കിയിട്ടുണ്ടെന്നും പണം തിരികെ നല്‍കിയില്ലെങ്കില്‍ എകെജി ഭവന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും നൗഷാദ് പറഞ്ഞു. 'കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്കിലെ കാശ് കൊണ്ടുപോയാണ് നിക്ഷേപിച്ചത്. 14 ലക്ഷം രൂപയാണ് മൂന്ന് തവണയായി നിക്ഷേപിച്ചത്. ഇത് സ്ഥാപനത്തില്‍ ക്രമക്കേട് തുടങ്ങിയ സമയത്ത് തന്നെ ജില്ലാ സെക്രട്ടറിയോടും യൂണിയന്‍ നേതൃത്വത്തോടും പരാതിപ്പെട്ടിരുന്നു, നടപടിയില്ലാത്തതിനാല്‍ കാശ് തിരിച്ച് ചോദിച്ചു. പക്ഷേ തന്നില്ല', നൗഷാദ് പറഞ്ഞു.

പണം നിക്ഷേപിച്ച വീട്ടമ്മ ഇപ്പോള്‍ ജപ്തി ഭീഷണയിലാണ്. മകളുടെ കല്യാണത്തിനായി നിക്ഷേപിച്ച 19 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നാണ് വീട്ടമ്മയുടെ ആരോപണം. 'നിരന്തരം പണമിടാന്‍ പറഞ്ഞിട്ടാണ് ഇട്ടത്. മകള്‍ക്ക് കല്യാണാലോചന വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ആവശ്യമുള്ളതിന്റെ 15 മാസം മുമ്പ് തന്നെ അറിയിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. അവസാനം കല്യാണത്തിന്റെ ഒരാഴ്ച മുന്നേ വരെയായിട്ടും പൈസ തന്നില്ല, ആദ്യമൊക്കെ ഫോണെടുത്തു. പിന്നീട് ഫോണെടുത്തില്ല. അവസാനം കടം വാങ്ങി മകളുടെ കല്യാണം ചെറിയ രീതിയില്‍ നടത്തുകയാണ് ചെയ്തത്. മരിച്ചാല്‍ പോലും വിഷമം മാറില്ല. ലോണെടുത്തതിന് ശേഷം എനിക്ക് ഉറക്കമില്ല. വീടും സ്ഥലവും പണയപ്പെടുത്തിയാണ് ലോണെടുത്തത്', വീട്ടമ്മ പറഞ്ഞു.

Content Highlights: investors trapped after investing money in a CPIM led society in Wayanad

dot image
To advertise here,contact us
dot image