
കരൂരില്‍ തമിഴക വെട്രി കഴകം നേതാവ് നടന്‍ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. തിക്കിലും തിരക്കിലും പെട്ട് 38 പേരാണ് ഇതുവരെ മരിച്ചത് എന്നാണ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ റാലികളും മതപരമായ ചടങ്ങുകളും സിനിമാതാരങ്ങളുടെ വരവും അടക്കം ആളുകൾ നിയന്ത്രണമില്ലാതെ തിങ്ങിക്കൂടുന്ന പല തരത്തിലുള്ള പരിപാടികളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
നാസിക്കിലെ കുംഭമേള: 2003 ല്‍ ജൂലൈ 27 മുതല്‍ സെപ്റ്റംബര്‍ 7 വരെയായിരുന്നു ആ വര്‍ഷം നാസിക്കില്‍ കുംഭമേള നടന്നത്. ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയില്‍ പുണ്യസ്‌നാനത്തിനായി കാത്തുനിന്നവര്‍ക്കിടയിലാണ് തിക്കുംതിരക്കുമുണ്ടായത്. സന്യാസിമാരുടെ സ്‌നാനം കഴിയാനായി കാത്തിരുന്നവര്‍ക്കിടയിലേക്ക് സന്യാസികളിലാരോ വെള്ളിനാണയങ്ങള്‍ എറിഞ്ഞെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്.
മന്ദേര്‍ ദേവി ക്ഷേത്രത്തിലെ ദുരന്തം: മഹാരാഷ്ട്രയിലെ സത്താര ജില്ലയിലുള്ള പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് മന്ദേര്‍ ദേവി ക്ഷേത്രം. 2005 ജനുവരി 25ന് അവിടെ പൗര്‍ണമി ദിനത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങിനായി മൂന്ന് ലക്ഷത്തിലേറെ പേരാണ് എത്തിച്ചേര്‍ന്നിരുന്നത്. ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലെ കല്‍പടികളില്‍ നിന്നും ആളുകള്‍ വഴുതി വീഴാന്‍ തുടങ്ങിയതും ഇതേസമയം തന്നെ അടുത്തുണ്ടായിരുന്ന കടയില്‍ നിന്നും തീപടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും ചേര്‍ന്ന് വലിയ പരിഭ്രാന്തി പടര്‍ത്തി. അന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
നൈനാ ദേവി ക്ഷേത്രത്തിലെ ദുരന്തം: 2008 ഓഗസ്റ്റ് മൂന്നിന് ഹിമാചല്‍പ്രദേശിലെ പ്രശസ്തമായ നൈനാ ദേവി ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ 162 പേരാണ് മരിച്ചത്. മണ്ണിടിച്ചിലുണ്ടായി എന്ന രീതിയില്‍ തെറ്റായ വിവരം പടര്‍ന്നുപിടിക്കുകയും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയുമായിരുന്നു. ക്ഷേത്രത്തിന്റെ സമീപത്തുണ്ടായിരുന്ന ഒരു ചെറിയ ഷെല്‍ട്ടര്‍ തകര്‍ന്നതിനെയാണ് ജനങ്ങള്‍ മണ്ണിടിച്ചിലായി തെറ്റിദ്ധരിച്ചത്. 3000ത്തിലേറെ പേര്‍ ആ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നു. എല്ലാവരും ജീവന്‍രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇത് വലിയ തിക്കുംതിരക്കും സൃഷ്ടിച്ചു.
ജോധ്പൂര്‍ ദുരന്തം: 2008 സെപ്റ്റംബര്‍ 30ന് ജോധ്പൂരിലെ ചാമുണ്ഡി ദേവി ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ 224 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ 250 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് പറയപ്പെടുന്നത്. നവരാത്രിയുടെ ആദ്യ ദിവസമായിരുന്ന അന്ന് 25000 പേരോളം ക്ഷേത്രത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും അത് ഇപ്പോള്‍ പൊട്ടുമെന്നുമുള്ള രീതിയില്‍ വ്യാജവിവരം പടര്‍ന്നുപിടിച്ചതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത് എന്നാണ് ഇതേ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിനടുത്തുള്ള മെഹ്‌റാന്‍ഗര്‍ എന്ന സ്ഥലത്തുണ്ടായ സ്‌ഫോടനം, ക്ഷേത്രമതിലിന്റെ ഒരു ഭാഗം തകര്‍ന്നത് തുടങ്ങിയവയും മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതാപ്ഗര്‍ ദുരന്തം : ഉത്തര്‍പ്രദേശിലെ കൃപാലു മഹാരാജ് ആശ്രമത്തിലെ റാം ജാനകി ക്ഷേത്രത്തില്‍ 2010 മാര്‍ച്ച് നാലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 63 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 37 കുട്ടികളും ഉണ്ടായിരുന്നു. കൃപാലു മഹാരാജിന്റെ ഭാര്യയുടെ മരണവാര്‍ഷികത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണവും വസ്ത്രവും മറ്റും വാങ്ങാനെത്തിയവരായിരുന്നു മരണപ്പെട്ടവരില്‍ ഭൂരിഭാഗവും. ക്ഷേത്രത്തിന്റെ പാതി പൂര്‍ത്തിയായ ഗേറ്റ് തകര്‍ന്ന് വീണതാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത് എന്നാണ് ഒരു റിപ്പോര്‍ട്ട്. ഒരു ഇലക്ട്രിക് വയര്‍ പൊട്ടിവീണെന്നും അതില്‍ നിന്നും ഷോക്കേറ്റ് ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നുമുള്ള ചില അഭ്യൂഹങ്ങള്‍ പടര്‍ന്ന് പിടിക്കുകയും ഷോക്കേല്‍ക്കുമെന്ന് പേടിച്ച് ജനങ്ങള്‍ ഒന്നിച്ച് ഗേറ്റിനടുത്തേക്ക് തള്ളിക്കയറി വരികയായിരുന്നു എന്നുമാണ് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ശബരിമല ദുരന്തം : 104 പേരുടെ ജീവനെടുത്ത ദുരന്തമാണ് 2011ല്‍ ശബരിമലയിലുണ്ടായത്. ജനുവരി 14ന് മകരജ്യോതി ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പുല്ലുമേട് വെച്ചായിരുന്നു സംഭവം. ജീപ്പും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയടിച്ചുണ്ടായ അപകടം, വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനം തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ മറിഞ്ഞത് എന്നിങ്ങനെ പല കാര്യങ്ങളാണ് ഈ തിരക്കിന്റെ കാരണങ്ങളായി പറയപ്പെടുന്നത്.
രത്‌നാഗര്‍ ക്ഷേത്ര ദുരന്തം : 2013 ഒക്ടോബറില്‍ മധ്യപ്രദേശിലെ രത്‌നാഗര്‍ മാതാ ക്ഷേത്രത്തിനടത്തുണ്ടായ ദുരന്തത്തില്‍ 115 പേരാണ് മരിച്ചത്. അമ്പലത്തിനടുത്തുള്ള പാലത്തിന്റെ കൈവരികളില്‍ ചിലത് തകര്‍ന്നത് പാലം തകരാന്‍ പോവുകയാണെ പ്രതീതി ഉണ്ടാക്കുകയും രക്ഷപ്പെടാനായി ഓടിയ ജനങ്ങള്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുകയുമായിരുന്നു. പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പലരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതും മരണസംഖ്യ വര്‍ധിപ്പിച്ചു.
മുംബൈ റെയില്‍വേസ്റ്റേഷന്‍ ദുരന്തം : 2017 സെപ്റ്റംബര്‍ 29ന് രാവിലെ, മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റോഡ് റെയില്‍വെ സ്‌റ്റേഷനിലെ ഓവര്‍ബ്രിഡ്ജിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഈ സമയത്ത് നാല് ട്രെയിനുകള്‍ സ്റ്റേഷനില്‍ എത്തിയിരുന്നു. മഴക്കാലമായതിനാല്‍ സ്റ്റെപ്പുകളിലും ഓവര്‍ ബ്രിഡ്ജിലും വഴുക്കലുമുണ്ടായിരുന്നു. ആളുകള്‍ ഒന്നിച്ച് ഓവര്‍ ബ്രിഡ്ജിലേക്ക് എത്തിയതും ഇതില്‍ ചിലര്‍ മറിഞ്ഞുവീണതുമാണ് തിരക്കുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുസാറ്റ് ദുരന്തം : 2023 നവംബര്‍ 25നാണ് കേരളത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം ഉണ്ടാകുന്നത്. കുസാറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നല് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ സംഗീതപരിപാടി നടക്കുന്നതിനിടെ മഴ പെയ്യുകയും പുറത്തുണ്ടായിരുന്നവര്‍ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ഓഡിറ്റോറിയത്തിന്റെ എന്‍ട്രന്‍സില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ മറിഞ്ഞുവീഴുകയായിരുന്നു.
ഹത്രാസ് ദുരന്തം : ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ആള്‍ദൈവമായ ബോലേ ബാബ നടത്തിയ ഒരു സദ്‌സംഗില്‍ വെച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2024 ജൂലൈ രണ്ടിന് ഉണ്ടായ ദുരന്തത്തില്‍ 121 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് കണക്കുകള്‍. 8000 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച ചടങ്ങിലേക്ക് രണ്ട് ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നിരുന്നു. പരിപാടിയ്ക്ക് ശേഷം ബോലേ ബാബ വാഹനത്തിലേക്ക് മടങ്ങിപ്പോകുമ്പോള്‍ അദ്ദേഹത്തെ തൊട്ട് അനുഗ്രഹം നേടാനായി ജനങ്ങള്‍ കൂട്ടമായി എത്താന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.
പുഷ്പ 2 ദുരന്തം: 2024 ഡിസംബറില്‍ പുഷ്പ 2 എന്ന ചിത്രത്തിന്റെ സെലിബ്രിറ്റി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയ്ക്ക് ജീവന്‍ നഷ്ടപ്പെടുകായിരുന്നു. ഡിസംബര്‍ നാലിന് ഹൈദരബാദിലെ സത്യം തിയേറ്ററില്‍ നടന്ന ഷോ കാണാന്‍ നടന്‍ അല്ലു അര്‍ജുന്‍ എത്തിച്ചേരുകയും അദ്ദേഹത്തെ കാണാനായി തിയേറ്ററിലുണ്ടായിരുന്നവരും പുറത്തു നിന്നുള്ളവരും ഒന്നിച്ചെത്തുകയും ചെയ്തതാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ചത്. സംഭവം പിന്നീട് അല്ലു അര്‍ജുനെതിരെയുള്ള നിയമനടപടികളിലേക്കും അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുന്നതിനും കാരണമായി.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: മഹാകുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ്‌രാജിലേക്കുള്ള ട്രെയിന്‍ കയറാന്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയവരെയാണ് 2025 ഫെബ്രുവരി 15ന് ദുരന്തം തേടിയെത്തിയത്.പ്രയാഗ്‌രാജ് എക്‌സ്പ്രസ്, പ്രയാഗ്‌രാജ് സ്‌പെഷ്യല്‍ എന്നീ രണ്ട് വണ്ടികളും അവ എത്തുന്ന പ്ലാറ്റ്‌ഫോമുകളും സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പവും തുടര്‍ന്നുണ്ടായ ഓട്ടപ്പാച്ചിലുമായിരുന്നു 18 പേരുടെ ജീവനെടുത്തത്. പ്രയാഗ് രാജിലേക്കുള്ള മറ്റ് മൂന്ന് ട്രെയിനുകള്‍ വൈകിയതും അതിലേക്കുള്ള ആളുകള്‍ കൂടി സ്റ്റേഷനില്‍ നിറഞ്ഞതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു.
തിരുപ്പതി ദുരന്തം: ആന്ധ്രാപ്രദേശിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ബാലാജി ക്ഷേത്രത്തിലാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തിലേ തിക്കിലും തിരക്കിലും പെട്ടുള്ള ദുരന്തമുണ്ടാകുന്നത്. 2025 ജനുവരി 9നായിരുന്നു സംഭവം. ജനുവരി 10, 11,12 ദിവസങ്ങളില്‍ നടക്കുന്ന വൈകുണ്ഡ ഏകാദേശി ദര്‍ശനത്തിനുള്ള ടിക്കറ്റ് വിതരണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആറ് പേരാണ് അന്ന് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആര്‍സിബി വിജയാഘോഷ ദുരന്തം : ആദ്യമായി ഐപിഎല്‍ കിരിടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയറാലിക്ക് മുന്‍പുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2025 ജൂലെെ നാലിനായിരുന്നു സംഭവം. പരിപാടി നടന്ന ചിന്നസാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആളുകള്‍ക്കിടയിലാണ് തിക്കും തിരക്കുമുണ്ടായത്. മതിയായ ക്രമീകരണങ്ങള്‍ നടത്താതെയാണ് ആര്‍സിബി വിജയാഘോഷം നടത്തിയതെന്ന വിമര്‍ശനമാണ് പിന്നീട് വ്യാപകമായി ഉയര്‍ന്നത്.
ആള്‍ത്തിരക്ക് വലിയ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഇപ്പോഴും തുടരുന്നുണ്ട്. പരിപാടിയിലേക്ക് എത്തിച്ചേരാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ഇല്ലാതിരിക്കുക, മതിയായ സജ്ജീകരണങ്ങള്‍ ഒരുക്കാതിരിക്കുക എന്നിവയാണ് പലപ്പോഴും ഈ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. പരിഭ്രാന്തി പടര്‍ത്തുന്ന വ്യാജവിവരങ്ങളാണ് മറ്റൊരു വില്ലന്‍. എങ്കിലും ആധുനിക സമൂഹം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്.
Content Highlights: Major stampede incidents in India in discussions after Karur TVK rally stampede