വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് വി മുരളീധരന്‍; സൗഹൃദ സംഭാഷണമെന്ന് പ്രതികരണം

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എത്തിയത് ചര്‍ച്ചയായിരുന്നു

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് വി മുരളീധരന്‍; സൗഹൃദ സംഭാഷണമെന്ന് പ്രതികരണം
dot image

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. വെള്ളാപ്പള്ളിയുടെ കണിച്ചുക്കുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. സന്ദര്‍ശനത്തില്‍ പുതുമയില്ലെന്നും വെള്ളാപ്പള്ളിയെ പതിവായി സന്ദര്‍ശിക്കുന്നയാളാണ് താനെന്നുമാണ് മുരളീധരന്‍ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും താന്‍ വന്നത് പ്രത്യേക ഉദ്ദേശത്തോട് കൂടിയല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെ വാഹനത്തില്‍ വെള്ളാപ്പള്ളി നടേശന്‍ എത്തിയത് ചര്‍ച്ചയായിരുന്നു. അയ്യപ്പസംഗമത്തെ വെള്ളാപ്പള്ളി നടേശൻ പിന്തുണച്ചതിൽ ബിജെപിക്ക് ആശങ്കകളുണ്ടായിരുന്നു. തുടർന്ന് വെള്ളാപ്പള്ളിയുമായി സംസാരിക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് മുരളീധരന്‍റെ കൂടിക്കാഴ്ച.

ആഗോള സംഗമത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. ആഗോള സംഗമം നടത്താനുള്ള തീരുമാനം മികച്ചതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.


അടുത്ത തവണ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും വേറെയാരും മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയന്? മാത്രമേയുള്ളൂ. ശബരിമലയില്‍ വരുന്ന ഭക്തരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തരാണ്. പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ടുതവണ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Content Highlights: v muraleedharan Meet Vellappally Natesan at alappuzha home

dot image
To advertise here,contact us
dot image