
തിരുവനന്തപുരം: എ എ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം. ഫേസ്ബുക്കിലാണ് എംപിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. റഹീമിന്റെയും കുടുംബത്തിന്റെയും ചിത്രം ലൈംഗിക ചുവയോടുകൂടിയ വാക്കുകളോടെയാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ റഹീം തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
പോസ്റ്റ് തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏൽപിക്കുന്നതുമാണെന്ന് പരാതിയിൽ ആരോപിച്ചു. സമൂഹത്തിൽ അപമാനിക്കണമെന്നും അപകീർത്തിപ്പെടുത്തണമെന്നുമുള്ള ഉദ്ദേശത്താടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളതെന്നും പരാതിക്കാരൻ ഉന്നയിച്ചു.
അപകീർത്തിപ്പെടുത്തുന്ന ഈ പോസ്റ്റിന് താഴെയായി പ്രതികാരബുദ്ധിയോടെ മറ്റ് ചിലർ കമന്റുകൾ പങ്കുവെക്കുന്നുണ്ടെന്നും ഇത് ബോധപൂർവ്വം പ്രകോപനം സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവർത്തിയാണെന്നും എ എ റഹീം പരാതിയിൽ വ്യക്തമാക്കി. ബിഎൻഎസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(O) വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്.
Content Highlights: Cyber attack against A A Rahim MP and family, Case filed